
തിരുവനന്തപുരം: ദ്വാരപാലക പാളികൾ വിറ്റെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചെന്നൈയിലേക്ക് കൊണ്ടുപോയത് ഒറിജിനല്ലെന്നും വിഡി സതീശൻ ആരോപിച്ചു. ആർക്കാണ് വിറ്റതെന്ന് അന്നത്തെ മന്ത്രി കടകംപള്ളി പറയണം. ശബരിമലയിൽ വലിയ കച്ചവടമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂട്ടുനിന്നത് സർക്കാരും ബോർഡുമെന്നും സതീശൻ ആരോപിച്ചു. പോറ്റി കുടുങ്ങിയാൽ എല്ലാവരും കുടുങ്ങും. പോറ്റിയെ രക്ഷിക്കാൻ ആണ് ഇപ്പോൾ നീക്കമെന്നും സതീശൻ കുറ്റപ്പെടുത്തി. ഹൈക്കോടതിക്ക് ഈ തട്ടിപ്പ് മനസ്സിലായി എന്നും സതീശൻ ചൂണ്ടിക്കാട്ടി. വിശ്വാസ സംരക്ഷണ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
ശബരിമല മുൻനിർത്തി കോൺഗ്രസ് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രകൾക്കു തുടക്കമായി. ശബരിമലയിലെ സ്വർണ്ണ കൊള്ളയിൽ സർക്കാറിനും സിപിഎമ്മിനും എതിരെ ഉണ്ടായിട്ടുള്ള വികാരം വോട്ടാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് യാത്രകൾ. നാല് വിശ്വാസ സംരക്ഷണ യാത്രകളിൽ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും നയിക്കുന്ന ജാഥകൾക്കാണ് തുടക്കമായത്. കാഞ്ഞങ്ങാട്ട് വി ഡി സതീശനും പാലക്കാട് സണ്ണി ജോസഫും യാത്രകൾ ഉദ്ഘാടനം ചെയ്തു.
അടൂർ പ്രകാശ് നയിക്കുന്ന തെക്കൻ കേരളത്തിലെ യാത്ര വൈകിട്ടും ബെന്നി ബഹനാൻ നയിക്കുന്ന മധ്യമേഖലാ യാത്ര നാളെയും തുടങ്ങും. സ്വർണ്ണപ്പാളി വിവാദം ആളിക്കത്തുന്ന സാഹചര്യത്തിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വീഴ്ചകൾ ചൂണ്ടിക്കാണിച്ചു പ്രചാരണം നടത്തി വിശ്വാസികളെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്രകൾ. നാളെ യാത്രകളും ചെങ്ങന്നൂരിൽ സമാപിച്ച് കാരക്കാട് നിന്ന് പന്തളം വരെ പദയാത്രയും ഉണ്ടായിരിക്കും. അയ്യപ്പ സംഗമം അടക്കം നടത്തി വിശ്വാസികളെ സ്വാധീനിക്കാൻ സർക്കാർ വലിയ ശ്രമം നടത്തിയെങ്കിലും അതിനുശേഷം സ്വർണ്ണ കൊള്ള വിവാദമായതോടെ സർക്കാർ പ്രതിരോധത്തിൽ ആയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഈ ഒരു അന്തരീക്ഷം നിലനിന്നാൽ അത് വോട്ടായി മാറും എന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ.