
കോട്ടയം: തെരഞ്ഞെടുപ്പിൽ മികച്ച ജയമുണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസമെന്ന വി.ഡി. സതീശന്റെ പ്രഖ്യാപനം പ്രചാരണ വേളയിൽ വലിയ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തന്റെ വാക്കിൽ നിന്ന് സതീശൻ പിന്മാറിയില്ലെന്നതും ശ്രദ്ധേയം. ഈ വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തിന് മറ്റൊരവസരം കൈവന്നിരിക്കുന്നത്. വാഗമണ്ണിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന വനവാസം എന്ന റിസോർട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്യുന്നത്. മുൻ വനം മന്ത്രി കെ.പി. വിശ്വനാഥന്റെ സഹോദരീ പുത്രൻ അശ്വിനാണ് റിസോർട്ടിന്റെ ഉടമ. വനവാസ വിവാദത്തിന് മുമ്പേയിട്ടതാണ് ഈ പേരെന്നും കേട്ടപ്പോൾ തമാശയാണ് തോന്നിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വരും മുമ്പ് പെരിയാർ കടുവ സങ്കേതത്തിലേക്ക് ട്രക്കിങ് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു. സമയം കിട്ടുമ്പോൾ ട്രക്കിങ് ശീലമാണ്. സൈലന്റ് വാലി, പറമ്പിക്കുളം, അഗസ്ത്യാർകൂടം, സത്യമംഗലം തുടങ്ങിയ വനങ്ങളിലേക്ക് മുമ്പ് പോയിട്ടുണ്ടെന്ന് സതീശൻ പറയുന്നു. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡീയോ ശ്രദ്ധ നേടിയിരുന്നു. വനത്തിലാണ്, വനവാസത്തിലല്ല എന്ന അടിക്കുറിപ്പോടെ പരുന്തുംപാറ യാത്രയുടെ വിഡിയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഭാര്യക്കും മകൾക്കും സുഹൃത്തിനുമൊപ്പമാണ് സതീശൻ പരുന്തുംപാറയിലെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam