
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ) അഞ്ചാം സീസണിലെ കരുവാറ്റയിൽ നടന്ന ആറാം മത്സരത്തിൽ വീയപുരം വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാക്കളായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആധിപത്യം പുലർത്തിയ വീയപുരം ആറാം മത്സരത്തിലും ജയമെന്ന ശീലം നിലനിർത്തി. വീയപുരം ചുണ്ടൻ 4:00:107 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്പാടം ചുണ്ടൻ (4:00:717 മിനിറ്റ്) രണ്ടാം സ്ഥാനത്തും പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ (4:06:831 മിനിറ്റ്) മൂന്നാമതും ഫിനിഷ് ചെയ്തു. കഴിഞ്ഞ അഞ്ച് കളികളിൽ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു കരുവാറ്റയിലേത്. ജയം മാത്രം പ്രതീക്ഷിച്ചാണ് മൂന്ന് ജലരാജാക്കന്മാരും ഇക്കുറി നെട്ടായത്തിലിറങ്ങിയത്.
ആദ്യ മാർക്ക് വരെ നടുഭാഗം ചുണ്ടൻ നേരിയ ലീഡ് നേടിയെങ്കിലും പിന്നീട് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേല്പാടം ചുണ്ടൻ ലീഡ് നേടി. അവസാന പാദം വരെ പി ബി സി ലീഡ് നിലനിറുത്തിയെങ്കിലും അവസാന അമ്പത് മീറ്ററിൽ വീയപുരം ചുണ്ടൻ നടത്തിയ ഐതിഹാസിക കുതിപ്പ് തടയാൻ പള്ളാത്തുരുത്തിക്കായില്ല. വ്യക്തമായ ലീഡോടെ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം തുഴഞ്ഞു കയറി. നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്) നാല്, നടുവിലെ പറമ്പൻ (ഇമ്മാനുവേൽ ബോട്ട് ക്ലബ്) അഞ്ച്, കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്-കെസിബിസി) ആറ്, പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്) ഏഴ്, ചെറുതന (തെക്കേക്കര ബോട്ട് ക്ലബ്) എട്ട്, ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്) ഒമ്പത് എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങൾ.
മന്ത്രി പി പ്രസാദ് കരുവാറ്റ വള്ളംകളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽ കുമാർ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടറും സി ബി എൽ നോഡൽ ഓഫീസറുമായ അഭിലാഷ് കുമാർ ടി ജി, ടൂറിസം വകുപ്പ് ആലപ്പുഴ ഡെപ്യൂട്ടി ഡയറക്ടർ പ്രഭാത് ഡി വി തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam