
മലപ്പുറം: മാലിന്യം തള്ളിയതിന് കസ്റ്റഡിയിലെടുത്ത വാഹനം മോഷ്ടിച്ച് വീണ്ടും മാലിന്യക്കടത്ത് നടത്തിയത് പിടികൂടി നാട്ടുകാർ. എടവണ്ണ തൂവക്കാട് കോഴിശ്ശേരിക്കുന്ന് തലപ്പാറയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കോഴി മാലിന്യം തള്ളിയത്. രണ്ടാഴ്ച മുമ്പ് ഇതേ വാഹനത്തിൽ എടവണ്ണ ജമാലങ്ങാടിക്കടുത്ത് കോഴിമാലിന്യം തള്ളിയിരുന്നു. ഇതിൽ കേസെടുത്ത പൊലീസ്, വാഹനം കസ്റ്റഡിയിലെടുത്തിരുന്നു.
വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതിനാൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് കസ്റ്റഡിയിലെടുത്ത വാഹനം സൂക്ഷിച്ചിരുന്നത്. ഇവിടെ നിന്നാണ് വാഹനം മോഷ്ടിച്ചത്. എന്നിട്ട് വീണ്ടും മാലിന്യം കയറ്റി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തള്ളി. ചാക്കിൽ കെട്ടിയ മാലിന്യം തള്ളി മടങ്ങുന്നതിനിടെയാണ് ശ്രദ്ധയിൽപ്പെട്ട് നാട്ടുകാർ തടഞ്ഞു വച്ചത്. പൊലീസിന്റെ നേതൃത്വത്തിൽ മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് ആ മാലിന്യം സംസ്‌കരിച്ചു.
തിരുവാലിയിൽ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി കഴുകിയ ശേഷം കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള വാഹനം മോഷ്ടിച്ച് കടത്തിയതിനും മാലിന്യം തള്ളിയതിനും വാഹന ഉടമയായ കോഴിക്കോട് ഉണ്ണിക്കുളം സ്വദേശിക്കെതിരെ എടവണ്ണ പൊലീസ് കേസെടുത്ത് തുടർ നടപടി തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം