
കൊച്ചി: പൊലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ചെറുവക്കൽ ആർ എസ് ഭവനിൽ രാധകൃഷ്ണൻ്റെ മകൻ ശ്രീരാജ് (23), കൊല്ലം വെങ്ങൂർ ചെങ്ങോട് പുത്തൻവീട്ടിൽ അനിയുടെ മകൻ എബിൻ (25) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം.
എളമക്കര സ്റ്റേഷന് ഹൗസ് ഓഫീസർ സനീഷ് എസ് ആറിന്റെ നേതൃത്വത്തിൽ എസ് ഐ ഫൈസൽ, സി പി ഒ നഹാസ് എന്നിവർ എളമക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പട്രോളിംങ് നടത്തുന്നതിനിടയിൽ ഇടപ്പള്ളി കാർത്തിക ബാറിന് സമീപം സംശയസാഹചര്യത്തിൽ കണ്ട യുവാക്കളെ സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം പുറത്തായത്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, ചിക്കൻ വാങ്ങാനെന്ന വ്യാജേനയെത്തി കടയുടമയുടെ ശ്രദ്ധ തിരിച്ച് പണം കവരുന്ന പ്രതി പത്തനംതിട്ടയിൽ പിടിയിലായിരുന്നു. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തിൽ റിനു റോയി (30) ആണ് പൊലീസ് പിടിയിലാത്. കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയിൽ മോഷണം നടത്തി പോകുമ്പോഴാണ് കുറത്തികാട് പൊലീസിന്റെ പിടിയിലാകുന്നത്.
ഇയാളിൽ നിന്നും മോഷ്ടിച്ച പണം കണ്ടെത്തി. വിവിധ പ്രദേശങ്ങളിലെ കടകളിൽ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി, എം കെ ബിനുകുമാറിന്റെ നിർദ്ദേശപ്രകാരം പൊലീസ് നിരീക്ഷണം നടത്തി വരികെയാണ് ഇയാൾ പിടിയിലാകുന്നത്. ജില്ലയിലെ പല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂരിൽ നിന്നും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam