
കോട്ടയം: വെള്ളൂർ ന്യൂസ്പ്രിന്‍റ് ഫാക്ടറി കൂടുതൽ പ്രതിസന്ധിയിലേക്ക്. സ്ഥാപനത്തിന് സഹായം നൽകണമെന്ന് ഒന്നര മാസം മുമ്പ് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ധാരണയായെങ്കിലും നടപടിയൊന്നും ആയില്ല. ഫാക്ടറി ലോക്കൗട്ടിന്‍റെ വക്കിലാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ അഞ്ച് മാസമായി ഫാക്ടറി പ്രവര്‍ത്തിക്കുന്നില്ല. ഏഴ് മാസമായി ജീവനക്കാർക്ക് ശമ്പളവും നല്‍കിയിട്ടില്ല. മലീനീകരണ നിയന്ത്രണ ബോർഡിന്‍റെ നിർദ്ദേശം മൂലമാണ് ഫാക്ടറി പ്രവർത്തനം നിലച്ചതെങ്കിൽ ഒരു മാസം മുമ്പ് അനുമതി കിട്ടിയിട്ടും പ്രവർത്തന മൂലധനമില്ലാത്തതിനാൽ പൂട്ടിയിട്ടിരിക്കുകയാണ്.
200 കോടി അടിയന്തരസഹായമാണ് ഫാക്ടറി ചോദിച്ചിരിക്കുന്നത്. ബാങ്ക് വായ്പ തീർക്കാൻ 150 കോടിയും ബാക്കി പ്രവർത്തന മൂലധവുമാണ്. കഴിഞ്ഞ മാസം മൂന്നിന് ചേർന്ന യോഗത്തിൽ ഫാക്ടറിക്ക് സഹായം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു.
ഇതിൽ ഇതുവരെ നടപടിയായിട്ടില്ല. ഉപഭോക്താക്കളിൽ നിന്ന് മുൻകൂർ പണം വാങ്ങി ഫാക്ടറി പ്രവർത്തിപ്പിക്കാമെന്നാണ് തൊഴിലാളികളുടെ നിർദ്ദേശം. എന്നാൽ മൂന്ന് ദിവസം പ്രവർത്തിപ്പിക്കാനുള്ള അസംസ്കൃതവസ്തുക്കൾ മാത്രമാണ് കമ്പിനിയിലുള്ളതെന്നാണ് എം ഡി ഗോപാൽ റാവുവിന്‍റെ വിശദീകരണം.
കമ്പനി ലിക്യൂഡേഷന്‍റെ വക്കിലാണ്. വായ്പ തിരിച്ചടക്കാത്തതിനെതിരെ കമ്പനി ട്രിബ്യൂണലിനെ ബാങ്കുകൾ സമീപിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച ഉത്തരവ് മെയ് 27ന് വരും. അതിന് മുമ്പ് സംസ്ഥാന സർക്കാരിന്‍റെ ഉറപ്പ് ലഭിച്ചാൽ താല്ക്കാലിക പരിഹാരമുണ്ടാകുമെന്നാണ് മാനേജ്മെന്‍റ് നിലപാട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam