ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മാനഭംഗപ്പെടുത്തിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

By Web TeamFirst Published Apr 13, 2019, 7:28 PM IST
Highlights

വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി. 

തിരുവനന്തപുരം: വെങ്ങാനൂർ കോളിയൂരിൽ ഗൃഹനാഥനെ കൊലപ്പെടുത്തി ഭാര്യയെ മൃഗീയ ആക്രമിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക്  വധശിക്ഷ. രണ്ടാം പ്രതിക്ക് ജീവപര്യന്തവും തടവ്. തിരുവനന്തപുരം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് മിനി എസ് ദാസ് ആണ് ഒന്നാം പ്രതി വട്ടപ്പാറ സ്വദേശി എന്ന അനിൽ കുമാറിന് വധശിക്ഷയും രണ്ടാം പ്രതി തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചത്.  

കഴിഞ്ഞ ദിവസം വിചാരണ പൂർത്തിയാക്കി പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞ കേസിൽ ഇന്നലെയാണ് കോടതി പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി വിലയിരുത്തി. 2016 ജൂലൈ ഏഴിന് പുലർച്ചെയാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം നടന്നത്. വെളുപ്പിന് രണ്ടു മണിയോടെ കോളിയൂർ ചാനൽക്കരയിലെ മര്യദാസൻ എന്നയാളിന്‍റെ വീടിന്‍റെ അടുക്കളവാതിൽ തകർത്ത് അകത്ത് കയറിയ പ്രതികൾ കൈവശം കരുതിയിരുന്ന ഭാരമുള്ള ചുറ്റികകൊണ്ട് ഹാളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മര്യാദാസൻറെ തല അടിച്ച് തകർത്ത് കൊലപ്പെടുത്തിയശേഷം അടുത്തു കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ചുറ്റിക കൊണ്ടും പാര കൊണ്ടും തലയ്ക്കടിച്ചു ബോധംകെടുത്തി. 

തുടർന്നാണ് ഒന്നാം പ്രതി അനിൽകുമാർ അവരെ മാനഭംഗപ്പെടുത്തിയത്. അവർ അണിഞ്ഞിരുന്ന താലിമാലയും അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്വർണ്ണ കുരിശുകളും കവർച്ചചെയ്ത ശേഷമാണ് പ്രതികൾ രക്ഷപ്പെട്ടത്. തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റ വീട്ടമ്മ നിരവധി ശസ്ത്രക്രിയകൾക്ക് ശേഷവും ഇപ്പോഴും ഒർമ്മ ശക്തി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ തുടരുകയാണ്. ഇവർക്ക് പൂർവ്വസ്ഥിതി പ്രാപിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിട്ടുണ്ട്. 

തലസ്ഥാന നഗരിയെ പിടിച്ചുലച്ച സംഭവത്തെ തുടർന്ന് രൂപീകരിച്ച  പ്രത്യേക അന്വേഷണ സംഘം 48 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടിയതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾക്കൊപ്പം സാഹചര്യതെളിവുകളും കോർത്തിണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചതും കൊലപാതകത്തിനുപയോഗിച്ച ചുറ്റികയും പാരയും കണ്ടെത്തിയതും മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പ്രതി തമിഴ്നാട്ടിലെ ജ്വല്ലറിയിൽ വില്‍ക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയും കേസ് തെളിയക്കുന്നതിൽ നിർണ്ണായകമായി. ഇന്ത്യൻ  ശിക്ഷാനിയമം 302 വകുപ്പ് പ്രകാരമാണ് ഒന്നാം പ്രതിക്ക് വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും രണ്ടാം പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും ശിക്ഷ  വിധിച്ചത്. സർക്കാരിന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വി എസ് വിനീത് കുമാർ, അഭിഭാഷകരായ എസ് ചൈതന്യ സുഭാഷ്, ഉണ്ണികൃഷ്ണൻ, അൽഫാസ് എന്നിവർ ഹാജരായി.

click me!