പട്ടിയുടെ കടിയേറ്റ ആട്ടിൻകുട്ടിക്ക് ചികിത്സ നിഷേധിച്ചു: താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

By Web TeamFirst Published Jul 13, 2020, 4:45 PM IST
Highlights

പിന്നീട് താമരശ്ശേരി ജനമൈത്രി പൊലീസിൻറെ ഇടപെടൽ മൂലം രാത്രി തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും അടുത്ത ദിവസം രാവിലെ ആട്ടിൻകുട്ടിയുടെ ജീവൻ പൊലിഞ്ഞു.

കോഴിക്കോട്: പട്ടിയുടെ കടിയേറ്റ് ആട്ടിൻകുട്ടിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ താമരശ്ശേരി മൃഗാശുപത്രിയിലെ  ഡോക്ടർക്ക്  സസ്പെൻഷൻ. താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർ ജയശ്രീയെയാണ് സസ്പെൻറ് ചെയ്തത്.  കഴിഞ്ഞ ഏഴാം തിയ്യതി ഉച്ചക്ക്  താമരശ്ശേരി ചുങ്കം മുട്ടുകടവിൽ വെച്ച് പട്ടിയുടെ കടിയേറ്റ ആട്ടിൻകുട്ടിയെ നാട്ടുകാർ താമരശ്ശേരി മൃഗാശുപത്രിയിൽ എത്തിച്ചിരുന്നു.

എന്നാൽ ഡോകടർ അവധിയിലാണെന്ന് പറഞ്ഞ് ജീവനക്കാർ മൈക്കാവ് മൃഗാശുപത്രിയിലേയും, പുതുപ്പാടി മൃഗാശുപത്രിയിലേയും ഡോക്ടർമാരുടെ നമ്പർ നൽകി മടക്കിയയച്ചു. ഇവരുമായി ബന്ധപ്പെട്ടങ്കിലും ഈ ഡോക്ക്ടര്‍മാരും  ചികിത്സിക്കാൻ തയ്യാറായില്ല. ഇതേ തുടർന്ന്  കുടൽ പുറത്തുചാടിയ നിലയിലായിരുന്ന ആട്ടിൻ കുട്ടിയെ ഉടമയായ ജാനകിയമ്മ വീട്ടിലേക്ക് തന്നെ കൊണ്ടു പോകുകയായിരുന്നു. പിന്നീട് താമരശ്ശേരി ജനമൈത്രി പൊലീസിൻറെ ഇടപെടൽ മൂലം രാത്രി 9 മണിയോടെ  മൈക്കാവ് മൃഗാശുപത്രിയിൽ വെച്ചു തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും അടുത്ത ദിവസം രാവിലെ ആട്ടിൻകുട്ടിയുടെ ജീവൻ പൊലിഞ്ഞു.

സംഭവം വാർത്തയാവുകയും, ലീഗൽ സർവ്വീസ് അതോറിറ്റിയുടെ ഇടപെടലിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു നേരിട്ട് ഇടപെട്ട്  അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലാ ഓഫീസർ സിന്ധു നൽകിയ  പ്രാഥമിക റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് താമരശ്ശേരി മൃഗാശുപത്രിയിലെ ഡോക്ടർ ജയശ്രീയെ സസ്പെൻറ് ചെയ്തത്.
ജയശ്രീ സംഭവ ദിവസം അവധിയിൽ ആയിരുന്നെങ്കിലും ഓഫീസിൽ നടന്ന പരിശോധയിൽ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച സംഭവിച്ചത് കണ്ടെത്തി. ഇതേ തുടർന്നാണ് നടപടി. ആശുപത്രിയിലെ മറ്റു ജീവനക്കാർക്കെതിരെയും അന്വേഷണം നടക്കുകയാണ്. 

click me!