
തിരുവനന്തപുരം : പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയിൽ വീണു. പാലോട് - ചിപ്പൻചിറ വാർഡിൽ കണ്ണൻകോട് ചന്ദ്രന്റെ വീട്ടിൽ ഇന്നലെ രാത്രി 12. മണിയോടെയാണ് കാട്ടാനയെത്തിയത്. പറമ്പിലെ പ്ലാവിലെ ചക്ക തിന്നാനെത്തിയ ആന കക്കൂസ് കുഴിയിൽ വീഴുകയായിരുന്നു. പാതിരാത്രി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടാനയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെയും പാലോട് പൊലീസിനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. 2 മണിക്കൂറോളം കുഴിയിൽ കിടന്ന കാട്ടാന, തന്നെ മണ്ണ് ഇടിച്ച് കരയ്ക്ക് കയറി. ഏറെ നേരം ക്ഷീണിച്ച് പറമ്പിൽ കിടന്ന ശേഷമാണ് ആന വനത്തിലേക്ക് കയറി പോയത്. സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കക്കൂസ് കുഴിയിൽ വീണ കാട്ടാനയുടെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു.
എറണാകുളം കുട്ടമ്പുഴയിൽ കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണ് മരിച്ചു. പിണവൂർക്കുടി സ്വദേശി ചക്കനാനിക്കൽ പ്രകാശനാണ് മരിച്ചത്. കഴിഞ്ഞ ഡിസംബറിൽ കാട്ടാനയാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട കുട്ടമ്പുഴ ഉരുളൻ തണ്ണിക്ക് സമീപത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് ആളുകൾക്കൊപ്പം തുരത്താനിറങ്ങിയതായിരുന്നു പിണവൂർക്കുടി ആദിവാസി കോളനിയിലെ പ്രകാശൻ. ഇതിനിടെ ആന ആക്രമിക്കാൻ മുതിരുന്നത് കണ്ട് തിരിഞ്ഞോടി. ഭയന്നോടുന്നതിനിടെ പ്രകാശൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സോളാർ തൂക്കുവേലിയും കിടങ്ങുമൊക്കെ സ്ഥലത്ത് സ്ഥാപിക്കുമെന്ന് നേരത്തെ വനംവകുപ്പ് ഉറപ്പുനൽകിയിരുന്നു. എന്നാൽ കാട്ടാനശല്യം രൂക്ഷമായ പലയിടത്തും ഇപ്പോഴും സൗരോർജ്ജ വേലി നിർമ്മാണം പൂർത്തിയായിട്ടില്ല. കിടങ്ങുകളുടെ നിർമ്മാണം ഒരുഭാഗത്ത് പുരോഗമിക്കുമ്പോഴും കാട്ടാനകൾ വ്യാപകമായി കൃഷിയിടത്തിലിറങ്ങുന്നുണ്ട്.