ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഓഫീസുകള്‍ ജാഗ്രതെ; ആലപ്പുഴയിലെ ഉദ്യോഗാര്‍ഥികള്‍ ചെയ്തത് അറിയണം

By Web TeamFirst Published Jan 18, 2019, 9:11 AM IST
Highlights

ഏഴുമാസം കൂടി കഴിയുമ്പോള്‍ ടൈപ്പിസ്റ്റ് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. കഴിഞ്ഞ 11നു 14 ജില്ലകളിലേയും ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ വായ് മൂടിക്കെട്ടി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് എകദിന സൂചനാ സമരം നടത്തിയിരുന്നു

ആലപ്പുഴ: ഒരു വര്‍ഷത്തെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂട്ടി പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം പാലിക്കുന്നില്ലെന്ന ടൈപ്പിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ പരാതിയെ തുടര്‍ന്നു വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആലപ്പുഴയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ നടത്തി. വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ആലപ്പുഴ വിദ്യാഭ്യാസ വകുപ്പില്‍ മൂന്ന് പ്രതീക്ഷിത ഒഴിവുകള്‍ ഉള്ളതായി കണ്ടെത്തി. ഇത് ഉടന്‍ പിഎസ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ വിജിലന്‍സിനെ അറിയിച്ചു. 

ആലപ്പുഴ ഡിഎംഒ ഓഫീസിലും ഒഴിവ് കണ്ടെത്തി. റവന്യു, പഞ്ചായത്ത് എന്‍ജിനിയറിംഗ് വിഭാഗം എന്നിവിടങ്ങളിലും പരിശോധന നടത്തി. ഇവിടങ്ങളിലെ നിയമനങ്ങള്‍ തിരുവനന്തപുരം ഡയറക്ടറേറ്റില്‍നിന്നും ആയതിനാല്‍ തുടര്‍ പരിശോധന നടത്തേണ്ടതുണ്ട്. ഏഴുമാസം കൂടി കഴിയുമ്പോള്‍ ടൈപ്പിസ്റ്റ് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ആശങ്കയിലാണ്. കഴിഞ്ഞ 11നു 14 ജില്ലകളിലേയും ഉദ്യോഗാര്‍ഥികള്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ വായ് മൂടിക്കെട്ടി കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് എകദിന സൂചനാ സമരം നടത്തിയിരുന്നു. 

റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു രണ്ടുവര്‍ഷവും നാലുമാസവും പിന്നിട്ടപ്പോള്‍ 25 ശതമാനം നിയമനം പോലും നടന്നില്ലെന്നും ആയതിനാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുകയും ഗ്രാമപഞ്ചായത്തുകളിലും ഹയര്‍ സെക്കന്‍ഡറിയിലും കോടതികളിലും ആവശ്യപ്പെട്ട തസ്തികകള്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു ഭീമഹര്‍ജിയും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നല്കി. ഇതു സംബന്ധിച്ചു നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കാമെന്നു സമരപന്തല്‍ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉറപ്പു നല്കിയതിനെ തുടര്‍ന്നു രമേശ് ചെന്നിത്തലയ്ക്കും ഉദ്യോഗാര്‍ഥികള്‍ നിവേദനം നല്കി. ആവശ്യങ്ങളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ സെക്രട്ടറിയേറ്റ് നടയില്‍ അനിശ്ചിതകാല സമരം നടത്താനുള്ള നീക്കത്തിലാണ് ഇവര്‍.

click me!