
ഇടുക്കി: കൈക്കൂലി കേസിൽ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായർക്കാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി മൂന്ന് വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി.
2008-2009 കാലയളവിൽ ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ആയിരുന്ന പ്രഭാകരൻ നായർ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം. പണം വാങ്ങവെ ഇടുക്കി വിജിലൻസ് മുൻ ഡിവൈഎസ്പി കെവി. ജോസഫ് കൈയോടെ പിടികൂടി.
ഇടുക്കി മുൻ വിജിലൻസ് ഡിവൈഎസ്പി പിറ്റി കൃഷ്ണൻകുട്ടിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണയ്ക്കൊടുവില്‍ പ്രഭാകരൻ നായർ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്‌ളിക് പ്രോസിക്യൂട്ടർമാരായ രാജ് മോഹൻ ആർ പിള്ള, സരിത. വി. എ. എന്നിവർ ഹാജരായി.
പൊതുജനങ്ങള്‍ക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ ലഭിച്ചാല്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പറായ 1064ലോ 8592900900 എന്ന നമ്പറിലോ അല്ലെങ്കില്‍ 94477789100 എന്ന വാട്സ്ആപ് നമ്പറിലോ അറിയിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam