കൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപം 'ചാള പൊലപ്പ്'; വൈറലായി വീഡിയോ

Published : May 01, 2023, 04:44 PM IST
കൊച്ചി ജങ്കാര്‍ ജെട്ടിക്ക് സമീപം 'ചാള പൊലപ്പ്'; വൈറലായി വീഡിയോ

Synopsis

ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയ ചാള കൂട്ടം അഥവാ ചാള പൊലപ്പ് കരയിലേക്ക് ചാടാനുള്ള ശ്രമത്തിലായിരുന്നു. ചാളയുടെ വലിയൊരു കൂട്ടമാണ് ഇത്തരത്തില്‍ ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയത്. 

സാധാരണഗതിയില്‍ മീനുകളെ ജലാശയത്തിലാണ് കാണുക. കരയിലേക്ക് മീനുകള്‍ വരുന്നത് അത്യപൂര്‍വ്വമാണ്. ഇത്തരമൊരു കാഴ്ചയ്ക്ക് ഇന്ന് രാവിലെ കൊച്ചിയിലെ ജങ്കാര്‍ ജെട്ടി സാക്ഷ്യം വഹിച്ചു. ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയ ചാള കൂട്ടം അഥവാ ചാള പൊലപ്പ് കരയിലേക്ക് ചാടാനുള്ള ശ്രമത്തിലായിരുന്നു. ചാളയുടെ വലിയൊരു കൂട്ടമാണ് ഇത്തരത്തില്‍ ജെങ്കാര്‍ ജെട്ടിക്ക് സമീപമെത്തിയത്. ഇതിന്‍റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളിലും മത്സ്യത്തൊഴിലാളികളുടെ 'കേരളത്തിന്‍റെ സൈന്യം' പോലുള്ള വാട്സാപ്പ് കൂട്ടായ്മകളിലും വൈറലായി. 

'സാധാരണ മീനുകള്‍ കരയ്ക്ക് കയറുന്ന പതിവില്ലെങ്കിലും ചാളകള്‍ കരയിലേക്ക് ഓടിക്കയറാറുണ്ട്. അടുത്തകാലത്തായി കൊച്ചിയുടെ കരയ്ക്ക് സമീപത്താണ് കേരള തീരത്ത് കൂടുതലായും ചാളകളെ കാണാറുള്ളത്. ഇതിനെ മത്സ്യത്തൊഴിലാളികള്‍ പുറയുന്നത്, 'ചാള കരയറിയാതെ കടലാണെന്ന് കരുതി കരയിലേക്ക് ഓടിക്കയറി'യെന്നാണ്." മത്സ്യത്തൊഴിലാളിയായ ഫെര്‍ണാണ്ടസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

'കഴിഞ്ഞ ശനിയാഴ്ച തീരത്ത് ചെറിയ തോതില്‍ ചാള പൊലപ്പ് ഉണ്ടായിരുന്നു. എന്നല്‍ ഇന്ന് പകലോടെ ഇത് ജെങ്കാര്‍ ജെട്ടിക്ക് സമീപത്തേക്ക് നീങ്ങുകയായിരുന്നു. ശനിയാഴ്ച വളരെ കുറച്ച് നേരത്തേക്ക് മാത്രമായിരുന്നെങ്കില്‍ ഇന്ന് പകല്‍ വലിയ തോതിലുള്ള ചാള പൊലപ്പാണ് ജെങ്കാര്‍ ജെട്ടിക്ക് സമീപത്തുണ്ടായിരുന്നത്. ഇത് കുറച്ചേറെ നേരം നീണ്ട് നില്‍ക്കുകയും ചെയ്തു. ജെങ്കാര്‍ ജെട്ടിക്ക് സമീപം വല അടിക്കുന്നതിന് നിരോധനമുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ ചാള പൊലപ്പ് വലയിലാക്കാന്‍ കഴിഞ്ഞില്ല.' മട്ടാഞ്ചേരി സ്വദേശിയായ റിജാദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. 

'കൊച്ചി ആറ്റില്‍ കൂടി കടലിലേക്കുള്ള സഞ്ചാരത്തിലായിരുന്നു ചാള പൊലപ്പ്. എന്നാല്‍. യാത്രയ്ക്കിടെ കടലാണെന്ന തെറ്റിദ്ധാരണയിലാകാം ഇവ ജെങ്കാര്‍ ജെട്ടിക്ക് സമീപത്ത് അടിഞ്ഞത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം വള്ളക്കാര്‍ക്ക് മീന്‍ കിട്ടിയത് കരയ്ക്ക് സമീപത്ത് നിന്നായിരുന്നു. അതായത്, വെറും രണ്ടാള്‍ താഴ്ചയില്‍ അഥവാ രണ്ട് മാറില്‍ നിന്നായിരുന്നു കോര് (മീന്‍ കൂട്ടം) ലഭിച്ചത്.' ഫെര്‍ണാണ്ടസ് പറഞ്ഞു.  'കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയാറിന്‍റെ വടക്ക് - തെക്ക് വശങ്ങളില്‍ വലിയ തോതില്‍ ചാളക്കൂട്ടങ്ങള്‍ അടിയുന്നുണ്ട്. അതിനാല്‍ ചാളയ്ക്ക് വലയടിക്കുന്നവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയായിരുന്നു വല അടിച്ചിരുന്നത്. കടലിന് സമീപമായതിനാലാകാം കൊച്ചിയാറ്റിലൂടെ ഇവ ഇറങ്ങിവന്നത്. കഴിഞ്ഞ മാസങ്ങളില്‍ കൊച്ചിയുടെ തെക്കന്‍ പ്രദേശമായ ആലപ്പുഴയിലും വടക്കന്‍ പ്രദേശങ്ങളിലും ചാളപ്പൊലപ്പ് കരയിലേക്ക് അടിച്ച് കയറിയിരുന്നു.' ഫെര്‍ണാണ്ടസ് കൂട്ടിച്ചേര്‍ത്തു. 

'കരപോലെ തന്നെ കടലിലും ചൂട് കൂടിയതിനാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി മീനുകള്‍ ഉള്‍വലിഞ്ഞിരിക്കുകയായിരുന്നു. അതിനാല്‍ തന്നെ ആഴക്കടിലില്‍ പോയാണ് മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരയില്‍ ശക്തമായ മഴ പെയ്തതോടെ കരയും കടലും തണുത്തു. ഇത് മീനുകള്‍ കരയ്ക്ക് സമീപത്തേക്ക് കൂടുതല്‍ എത്താന്‍ കാരണമായി. ഇതും കരയ്ക്ക് സമീപത്തെ ചാള പൊലപ്പിന് കാരണമാണ്.' മത്സ്യത്തൊഴിലാളിയും വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യാ പ്രവര്‍ത്തകനുമായ അജിത്ത് ശംഖുമുഖം പറഞ്ഞു.  
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തേക്കിന് ലഭിച്ചത് പൊന്നും വില.. കേട്ടാല്‍ രണ്ടു തേക്കുവച്ചാല്‍ മതിയായിരുന്നുവെന്ന് തോന്നിപ്പോവും, ലേലത്തിൽ പിടിച്ചത് ​ഗുജറാത്തി സ്ഥാപനം
വീട് കൊല്ലത്ത്, അച്ഛനും മകനും വാടകക്ക് തിരുവനന്തപുരത്ത് താമസിച്ച് ഹോൾസെയിൽ ഇടപാട്; നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ