കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹം പിടികൂടി; ലക്ഷ്യമിട്ടത് 'പുരാവസ്തു' വില്‍പ്പന

By Web TeamFirst Published Oct 7, 2021, 12:30 PM IST
Highlights

കൊവിഡ് കാലമായതിനാൽ വിദേശികളുടെ വരവ് തീരെ ഇല്ലാത്തതിനാൽ പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ  എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 

തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നടരാജ വിഗ്രഹവുമായി(nataraj idol) രണ്ടു പേരെ വിഴിഞ്ഞം പൊലീസ് പിടികൂടി(vizhinjam police). പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരം വിഴിഞ്ഞം ഉച്ചക്കടയിൽ നിന്നാണ് 45 കിലോ ഭാരമുള്ള പിച്ചളയിൽ നിർമ്മിച്ച നടരാജ വിഗ്രഹം പിടികൂടിയത്. കാറിലുണ്ടായിരുന്ന ഉച്ചക്കട സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായി പൊലീസ് പറഞ്ഞു. 

ദില്ലിയിൽ നിർമ്മിച്ച വിഗ്രഹം കോവളത്തെ ഒരു കരകൗശല വസ്തു വില്പനക്കാരനിൽ നിന്നും ആറാലുംമൂട് സ്വദേശികളായ രണ്ടു പേർ  നാല്പതിനായിരം രൂപക്ക് വാങ്ങി. അവർ ചൊവ്വരയിലെ ഒരു കച്ചവടക്കാരന്  വിറ്റ വിഗ്രഹം അയാളാണ് തങ്ങൾക്ക് കച്ചവടത്തിനായി കൈമാറിയതെന്നുമാണ് പിടിയിലായവർ പൊലീസിനോട് പഞ്ഞത്. ടൂറിസം കേന്ദ്രമായ കോവളത്ത് വിദേശികളെ ലക്ഷ്യമിട്ട് എത്തിച്ചതാകാം വിഗ്രഹം എന്നാണ് കരുതുന്നത്.  

കൊവിഡ് കാലമായതിനാൽ വിദേശികളുടെ വരവ് തീരെ ഇല്ലാത്തതിനാൽ പുരാവസ്തു എന്ന പേരിൽ മറ്റാരെയെങ്കിലും കബളിപ്പിക്കാനുള്ള ശ്രമം നടന്നോ  എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വിഗ്രഹത്തിന് അമ്പത് വർഷത്തെ  പഴക്കമുണ്ടെന്നാണ് പിടിയിലായവർ പറഞ്ഞത്. തൊണ്ടി മുതൽ എന്ന നിലയിൽ വിഗ്രഹം കോടതിയിൽ ഹാജരാക്കി. ഇനി അപേക്ഷ നൽകി കോടതിയിൽ നിന്നും വിഗ്രഹം തിരികെ വാങ്ങിയശേഷം ഇതിന്റെ കാലപ്പഴക്ക മടക്കമുള്ള കാര്യങ്ങൾ പുരാവസ്തു വിദഗ്ദ്ധ രെക്കൊണ്ട്  പരിശോധിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട്  കൂടുതൽ അന്വേഷണം നടത്തി ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും  വിഴിഞ്ഞം പോലീസ് അറിയിച്ചു.

click me!