
ഇടുക്കി: ഇടുക്കി അണകെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ തുടങ്ങിയെങ്കിലും ഡാമിന് നടുവിലുള്ള വൈരമണി ഗ്രാമം ഇപ്പോഴും വെള്ളത്തിന് മുകളിൽ. അണകെട്ടില്‍ ജലം സംഭരിച്ച 1974ല്‍ വെള്ളത്തിനടിയിലായ ഗ്രാമം ഇതിനോടകം മൂന്ന് തവണയാണ് പുറത്ത് കാണാനായത്. ഗ്രാമത്തിലെ പള്ളിയുടെയും സ്കൂളിന്‍റെയും അടിത്തറ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. അണകെട്ടിലെ വെള്ളത്തിന്‍റെ അളവ് 15 ശതമാനത്തിലെത്തിയപ്പോഴാണ് വൈരമണി ഗ്രാമം ദൃശ്യമായത്.
ഇപ്പോഴത് പതിമുന്ന് ശതമാനമായി കഴിഞ്ഞു. 1970 വരെ ഇടുക്കി ജില്ലയിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി. നൂറിലധികം വര്‍ഷം പഴക്കമുള്ള വൈരമണി സെന്‍റ് തോമസ് പള്ളിയുടെയും നൂറുകണക്കിന് കുട്ടികള്‍ പഠിച്ച സ്കൂളിന്‍റെയും തറക്കല്ലുകള്‍ മാത്രമാണ് അവശിഷ്ടങ്ങളായി ഇപ്പോഴുള്ളത്. വൈരമണിയിലും പരിസര ഗ്രാമങ്ങളിലുമായി രണ്ടായിരത്തിലധികം വീടുകളുണ്ടായിരുന്നുവെന്നാണ് കണക്ക്.
ഇവയെല്ലാം കാണണമെങ്കില്‍ ജലനിരപ്പ് പത്തില്‍ താഴെയെത്തണം. ജലം ശേഖരിക്കാൻ തുടങ്ങിയ 1974 മുതല്‍ ഇതുവരെ ജലനിരപ്പ് അത്ര കുറഞ്ഞിട്ടില്ല. 2019ന് ശേഷം ആദ്യമായാണ് വൈരമണി വെള്ളത്തിന് മുകളില്‍ ദൃശ്യമാകുന്നത്. ഡാമിലൂടെ ഇവിടേക്കുള്ള യാത്ര അപകടകരമായതിനാല്‍ ഈ ദൃശ്യം കാണാന്‍ സഞ്ചാരികള്‍ക്ക് അനുവാദമില്ല. സമീപ ഗ്രാമപ്രദേശങ്ങളായ കുതിരകുത്തി, മന്ന, കയനാട്ടുപാറ, വേങ്ങാനം, പുരുളി, കടാവര്‍, മുത്തിക്കണ്ടം, നടയ്ക്കവയല്‍ ഗ്രാമങ്ങളുടെ വാണിജ്യ കേന്ദ്രമായിരുന്നു വൈരമണി.
കുളമാവില്‍നിന്നു കട്ടപ്പനക്ക് പോകുന്നവരുടെ ഇടത്താവളം കൂടിയായിരുന്നു. 1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറഞ്ഞപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. അണക്കെട്ടിന്റെ നിര്‍മാണത്തിനായി ഗ്രാമത്തിലെ കുടുംബങ്ങളെ വണ്ണപ്പുറം, ചാലക്കുടി, മഞ്ഞപ്ര, കോരുത്തോട്, ചേലച്ചുവട് പ്രദേശങ്ങളിലാണ് മാറ്റി താമസിപ്പിച്ചത്. ഒരു കുടുംബത്തിന് മൂന്ന് ഏക്കര്‍ വീതം സ്ഥലമാണ് നല്‍കിയിരുന്നത്. വൈരമണിയിലെത്താന്‍ കുളമാവില്‍ നിന്ന് റിസര്‍വോയറിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. വൈരമണിയുടെ പേരില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വൈരമണി ഫോറസ്റ്റ് സ്റ്റേഷന്‍ മാത്രമാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...