സുന്ദരിയെ കൂടാതെ രണ്ട് കുടുംബങ്ങൾ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്. വാടകക്ക് താമസിച്ചു വന്നിരുന്ന  തോട്ടം തൊഴിലാളിയായ ചന്ദ്രലേഖ ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അപകടം നടന്നത്.

ഇടുക്കി: ശാന്തൻപാറ പേതൊട്ടിയിൽ മരം വീണ് വീട് തകർന്നു. മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന വീടാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. തോട്ടം തൊഴിലാളി സുന്ദരി ചാമകാളയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്. വീടിന് സമീപത്തെ ഏല തോട്ടത്തിൽ നിന്ന വൻ ചീമമുരിക്ക് കട പുഴകി വീഴുകയായിരുന്നു. പേതൊട്ടി സ്വദേശി സുന്ദരി ചാമകാളയുടെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്.

സുന്ദരിയെ കൂടാതെ രണ്ട് കുടുംബങ്ങൾ കൂടി വീട്ടിൽ താമസിക്കുന്നുണ്ട്. വാടകക്ക് താമസിച്ചു വന്നിരുന്ന തോട്ടം തൊഴിലാളിയായ ചന്ദ്രലേഖ ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് അപകടം നടന്നത്. തലനാരിഴയ്ക്കാണ് ചന്ദ്രലേഖ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ചന്ദ്രലേഖയുടെ കുട്ടികൾ സമീപത്തെ ബന്ധു വീട്ടിൽ പോയിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ആസ്പറ്റേസ് ഷീറ്റ് ഉപയോഗിച്ച് നിർമിച്ച മേൽക്കൂര പൂർണ്ണമായും തകർന്നു.

രണ്ട് മുറികളും ശുചിമുറിയും തകരുകയും ഭിത്തിക്ക് ബലക്ഷയം സംഭവിക്കുകയും വിള്ളൽ ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്‌. വീടിന് സമീപത്തായി അപകട ഭീഷണി ഉയർത്തി നിരവധി മരങ്ങളാണ് ഉള്ളത്. ജീവന് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റി തരണമെന്ന് തോട്ടം തൊഴിലാളികൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തി മൂന്ന് കുടുംബങ്ങളെയും പുനഃരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വികരിച്ചു.

അതേസമയം, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സബ് ട്രഷറി ജീവനക്കാരന്റെ തലയിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണിരുന്നു. ശ്രീകാര്യം കോളേജ് ഓഫ് എൻജിനീയറിങ് (സി ഇ ടി) ക്യാംപസിൽ പ്രവർത്തിക്കുന്ന സബ് ട്രഷറിയിലെ ജീവനക്കാരൻ സാഹിറിനാണ് പരിക്കേറ്റത്. മംഗലപുരം കൊയ്ത്തൂർകോണം സ്വദേശിയാണ് ഇദ്ദേഹം. പുറത്ത് മഴ പെയ്യുന്നതിനാൽ കുട ചൂടി പുറത്തിറങ്ങിയ ഉടൻ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീഴുകയായിരുന്നു.

64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം; മുന്നറിയിപ്പ് അഞ്ച് ജില്ലകളിൽ, അറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

YouTube video player