പീഡിപ്പിച്ച പ്രതികളെ ഇടിക്കാന്‍ കരാട്ടേ പഠിക്കണമെന്ന് അതിജീവിത; മാനസിക രോഗചികിത്സ ലഭ്യമാക്കണമെന്ന് കോടതി

By Web TeamFirst Published Jan 14, 2022, 9:37 AM IST
Highlights

ജന്മനാ മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്ന പെണ്‍കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 2013ല്‍ അയല്‍വാസികളായ രണ്ട് പേര്‍ പീഡിപ്പിച്ചത്. പീഡനത്തോടെ പെണ്‍കുട്ടിയുടെ മാനസിക നില പൂര്‍ണമായി തകരുകയായിരുന്നു. 

തന്നെ ക്രൂരമായി പീഡിപ്പിച്ച (Rape) പ്രതികളെ ഇടിക്കാന്‍ കരാട്ടേ (Karate)പഠിക്കണമെന്ന ആവശ്യവുമായി പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടി (Rape Survivor). തിരുവനന്തപുരത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയിലാണ് അതിജീവിത ഇത്തരമൊരു ആവശ്യവുമായി എത്തിയത്. പീഡനക്കേസില്‍ മൊഴി നല്‍കുന്നതിനിടയിലാണ് അതിജീവിത ഇപ്രകാരമൊരു ആവശ്യം കോടതിയെ അറിയിച്ചത്. കുട്ടിയുടെ മാനസിക നില (Psychiatric Disorder) തകരാറിലാണെന്ന് നിരീക്ഷിച്ച കോടതി ചികിത്സ ലഭ്യമാക്കണമെന്ന് പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ജന്മനാ മാനസിക വെല്ലുവിളികള്‍ നേരിട്ടിരുന്ന പെണ്‍കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് 2013ല്‍ അയല്‍വാസികളായ രണ്ട് പേര്‍ പീഡിപ്പിച്ചത്. പീഡനത്തോടെ പെണ്‍കുട്ടിയുടെ മാനസിക നില പൂര്‍ണമായി തകരുകയായിരുന്നു. പിതാവിനെ നേരത്തെ തന്നെ നഷ്ടമായ അതിജീവിതയ്ക്ക് മാനസിക രോഗിയായ അമ്മയും വൃദ്ധയായ അമ്മൂമ്മയുമാണുള്ളത്. അമ്മൂമ്മ വീട്ടുജോലിക്ക് പോയാണ് വീട്ടിലെ ചെലവുകള്‍ നടത്തിയിരുന്നത്. ഇവര്‍ ജോലിക്ക് പോയ സമയത്തായിരുന്നു സമീപവാസികളുടെ അക്രമം.

പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ച അമ്മയേയും അക്രമികള്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ ശരീരത്തിലെ പാടുകളും മുറിവുകളും കണ്ട അധ്യാപികമാരാണ് പീഡനവിവരം ആദ്യം അറിയുന്നത്. ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. നിലവില്‍ ആരോടും ഇടപഴകാന്‍ തയ്യാറുള്ള സ്ഥിതിയില്‍ അല്ല അതിജീവിതയുള്ളത്.

ആരോടും സംസാരിക്കാന്‍ തയ്യാറാവാതെ വന്നത് പഠനത്തേയും സാരമായി ബാധിച്ചിരുന്നു. 90വയസുകാരിയായ അമ്മൂമ്മ ചെറുമകളെ വീട്ടജോലിക്ക് പോകുമ്പോള്‍ കൂടെ കൊണ്ടുപോയാണ് നിലവില്‍ സംരക്ഷിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി ജയകൃഷ്ണന്‍ ആര്‍ ആണ് അതിജീവിതയ്ക്ക് മനോരോഗ ചികിത്സ ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ഈ നിര്‍ദ്ദേശത്തെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പിന്തുണയ്ക്കുകയായിരുന്നു. 

click me!