
കായംകുളം: ക്വാറന്റീന്‍ കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ജനവാസകേന്ദ്രത്തില്‍ തള്ളി. മാലിന്യവുമായെത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. കായംകുളം പട്ടണത്തിലെ വിവിധ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളുമാണ് ദേശീയപാതയുടെ പടിഞ്ഞാറുവശത്തെ നഗരസഭയുടെ സ്ഥലത്ത് ആഴ്ചകളായി തള്ളുന്നത്.
മുന്‍മന്ത്രി തച്ചടി പ്രഭാകരന് സ്മാരകം നിര്‍മിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരസഭ തീരുമാനമെടുത്ത് നടപ്പാക്കാത്ത സ്ഥലത്താണ് അലക്ഷ്യമായി മാലിന്യങ്ങള്‍ തള്ളുന്നത്. ജെ.സി.ബി. ഉപയോഗിച്ച് വലിയ കുഴിയെടുത്ത് അതിലേക്കാണ് പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളിയത്. ആദ്യമെടുത്ത കുഴി നിറഞ്ഞതിനെ തുടര്‍ന്ന് മുകളില്‍ മണ്ണിടുകയും പുതിയ കുഴിയെടുക്കുകയും ചെയ്തു. മഴ ആരംഭിച്ചതോടെ കുഴിയില്‍ വെള്ളം നിറയുകയും ക്വാറന്റീന്‍ മാലിന്യങ്ങള്‍ വെള്ളത്തിനുമുകളില്‍ ഒഴുകി നടക്കുകയുമാണ്.
നേരത്തേ മാലിന്യം നിക്ഷേപിച്ച കുഴിയില്‍നിന്ന് കവറുകള്‍ ഇപ്പോള്‍ പുറത്ത് ചിതറിക്കിടക്കുകയാണ്. കായംകുളത്തെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിപ്പിച്ചിരുന്ന ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുയും അവരെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ രോഗികളുടേതുള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് ശാസ്ത്രീയമായി സംസ്‌കരിക്കാതെ അലക്ഷ്യമായി തള്ളിയത്.
ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യമാണെന്ന് വൈകിയാണ് നാട്ടുകാര്‍ അറിഞ്ഞത്. ഇതേത്തുടര്‍ന്ന് നഗരസഭാ അധികൃതരെ പരാതി അറിയിച്ചു. എങ്കിലും തിങ്കളാഴ്ച രാവിലെ വീണ്ടും മാലിന്യവുമായെത്തിയ നഗരസഭയുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു. പ്രതിഷേധത്തെത്തുടര്‍ന്ന് ഇവിടെ മാലിന്യം തള്ളുന്നത് നിര്‍ത്തിവെച്ചതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam