
മൂന്നാർ: ദേശീയപാതയോരത്ത് കിടന്നിരുന്ന ജലവിതരണ വകുപ്പിന്‍റെ ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുമ്പു പൈപ്പുകൾ മോഷണം പോയി. കൊച്ചി-ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിനടിയിൽ നിന്നും നീക്കം ചെയ്ത 36 കൂറ്റൻ ശുദ്ധജല പൈപ്പുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയത്. പിന്നീട് ഇവ കുഞ്ചിത്തണ്ണിയിലെ ഒരു വീട്ടിൽ സൂക്ഷിച്ച നിലയിൽ നാട്ടുകാർ കണ്ടെത്തിയെങ്കിലും അന്നു രാത്രി തന്നെ ലോറിയിൽ ആക്രി വ്യാപാരികൾ തമിഴ്നാട്ടിലേക്ക് കടത്തുകയായിരുന്നു.
ദേശീയ പാതയിൽ പഴയ മൂന്നാർ ബൈപ്പാസ് പാലം മുതൽ സിഗ്നൽ പോയിൻ്റ് വരെയുള്ള ദേശീയ പാതയോരത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പു പൈപ്പുകളാണ് നഷ്ടപ്പെട്ടത്. ഓരോ പൈപ്പും 450 കിലോയിലധികം തൂക്കമുള്ളവയാണ്. ഉപേക്ഷിച്ച ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പുകളാണിവ.16 ടണ്ണിലധികം തൂക്കമുള്ള ഇവ ലക്ഷങ്ങൾ വിലമതിക്കുന്നവയാണ്. ജലവിതരണ വകുപ്പിലെ താല്ക്കാലിക ജീവനക്കാരൻ്റെ നേതൃത്വത്തിലാണ് സംശയം തോന്നാത്ത വിധത്തിൽ ഇവ കഴിഞ്ഞ ദിവസം രാത്രിയിൽ യന്ത്രസഹായത്തോടെ ലോറിയിൽ കയറ്റി കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിച്ചതെന്നാണ് ആരോപണം.
പിന്നീട് ആക്രി വ്യാപാരികൾക്ക് വില്‍ക്കുകയായിരുന്നുവെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്. ഒരു വർഷം മുൻപ് ഈ പൈപ്പുകൾ പട്ടാപകൽ ഒരു യുവജന സംഘടനയുടെ ജില്ലാ നേതാവ് കടത്തികൊണ്ടു പോകാൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞത് വൻ വിവാദമായിരുന്നു. നേതാക്കൾ ഇടപെട്ട് കേസ് ഒതുക്കിയെങ്കിലും യുവാവിനെ ജില്ലാ നേതൃത്വം ഉൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam