
കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ ദുരവസ്ഥ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി. ഒരു രോഗി മരിച്ചാൽ പോസ്റ്റ്മോർട്ടം നടത്തുന്നതിന് പോലും ടാങ്കില്‍ വെള്ളമില്ല എന്നതാണ് ഇവിടുത്തെ സ്ഥിതി വിശേഷം. പലരും ദിവസങ്ങളായി ഈ വിഷയം ഉന്നയിക്കുന്നുണ്ടെങ്കിലും ഇതുവരെയും പരിഹാരമായില്ല. ഏറ്റവും ഒടുവിൽ ടാങ്കില്‍ വെള്ളമില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്താനായി ബന്ധുക്കളും ആംബുലൻസ് ഡ്രൈവർമാരും അടുത്ത കിണറിൽ നിന്നും വെള്ളം കോരി ഓടിയെത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ഇനിയെങ്കിലും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഏവരും.
സംഭവം ഇങ്ങനെ
ആവശ്യത്തിന് വെള്ളം ഇല്ലാത്തത് മൂലം കഴിഞ്ഞ ഒരാഴ്ചയായി കായംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകുകയാണ്. ഇന്നലെ മാത്രം അഞ്ച് മൃതദേഹങ്ങളാണ് ഇവിടെ പോസ്റ്റ്മോർട്ടുമോർട്ടത്തിന് എത്തിച്ചത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും പോസ്റ്റ്മോർട്ടം നടപടികൾ ഒന്നുമായില്ല. ഏറെനേരം കാത്തിരുന്ന ബന്ധുക്കൾ സഹികെട്ട് അന്വേഷിച്ചപ്പോഴാണ് വെള്ളമില്ലെന്ന കാര്യം അധികൃതർ അറിയിച്ചത്. ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പമ്പിങ് മോട്ടർ തകരാറിലാണെന്നും വെള്ളം എത്തിച്ചാലേ കാര്യം നടക്കു എന്ന് കൂടി അവർ വ്യക്തമാക്കി. ഇതോടെയാണ് ബന്ധുക്കളും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം അടുത്തുകണ്ട കിണറിൽ നിന്നും ബക്കറ്റിൽ വെള്ളം കോരി എത്തിച്ചത്. മോർച്ചറിക്ക് സമീപം മറ്റൊരു ടാങ്ക് വച്ച് ആശുപത്രിയിലെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന് സമീപത്തുനിന്നും ഹോസ് ഇട്ട് വെള്ളം ശേഖരിച്ചാണ് പോസ്റ്റ്‍മോര്‍ട്ടം നടത്തിയത്. ഇതിൽ നിന്ന് ബക്കറ്റിൽ വെള്ളമെടുത്ത് ജീവനക്കാർ മോർച്ചറിക്കുള്ളിലേക്ക് എത്തിച്ച ശേഷമാണ് അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം പൂർത്തീകരിച്ചത്. അതിനിടെ നാട്ടുകാരുടെ ഭാഗത്ത് നിന്നും ആശുപത്രി അധികൃതർക്കെതിരെ പ്രതിഷേധവും ഉയർന്നു. ഇനിയെങ്കിലും ആശുപത്രിയിലെ വെള്ളമില്ലാത്ത അവസ്ഥക്ക് പരിഹാരം കാണണമെന്നാണ് ഏവരും ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam