പൊങ്ങിക്കിടക്കും, മഞ്ഞനിറം, ഗോളാകൃതി, ജാഗ്രത വേണം, നശിപ്പിക്കരുത്, കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി

Published : Jun 03, 2026, 03:38 AM IST
Wave Rider Buoy

Synopsis

തീരപ്രദേശത്തെ തിരമാലകളുടെ സ്വഭാവം, ദിശാപരമായ മാറ്റങ്ങൾ, സമുദ്രോപരിതലത്തിലെ പ്രവാഹവേഗത എന്നിവ ഈ ഉപകരണം നിരന്തരം നിരീക്ഷിക്കും.ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും അവ മുൻകൂട്ടി പ്രവചിക്കുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും

തിരുവനന്തപുരം: തീരപ്രദേശത്തെ കടൽക്ഷോഭവും കാറ്റിന്‍റെ വേഗതയും തത്സമയം നിരീക്ഷിക്കുന്നതിനായി വിഴിഞ്ഞം കടലിൽ അത്യാധുനിക 'വേവ് റൈഡർ ബോയി' സ്ഥാപിച്ചു. ഇന്ത്യൻ നാഷണൽ സെന്‍റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് നടത്തുന്ന അക്കാദമിക് ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ഈ ഉപകരണം കടലിൽ വിന്യസിച്ചിരിക്കുന്നത്. വിഴിഞ്ഞം അന്തർദേശീയ തുറമുഖത്തിന്‍റെ നിലവിലുള്ള പുലിമുട്ടിന്‍റെ അഗ്രഭാഗത്തുനിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് മാറി അക്ഷാംശം: 8°20’51.3” വടക്ക്, രേഖാംശം: 77°00’10.9” കിഴക്ക് എന്നീ ജിയോഗ്രഫിക്കൽ കോ-ഓർഡിനേറ്റുകളിലാണ് ഈ ഉപകരണം നിലയുറപ്പിച്ചിട്ടുള്ളതെന്നും മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണമെന്നും തുറമുഖ അധികൃതർ അറിയിച്ചു.

കടലിൽ പൊങ്ങിക്കിടക്കുന്ന മഞ്ഞനിറത്തിലുള്ള ഒരു ഗോളാകൃതിയിലാണ് ഇത് കാണപ്പെടുക.തീരപ്രദേശത്തെ തിരമാലകളുടെ സ്വഭാവം, ദിശാപരമായ മാറ്റങ്ങൾ, സമുദ്രോപരിതലത്തിലെ പ്രവാഹവേഗത എന്നിവ ഈ ഉപകരണം നിരന്തരം നിരീക്ഷിക്കും.ചുഴലിക്കാറ്റ്, സുനാമി തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കും അവ മുൻകൂട്ടി പ്രവചിക്കുന്നതിനും ഈ വിവരങ്ങൾ സഹായകരമാകും. കടലിന്‍റെ അവസ്ഥ കൂടുതൽ കൃത്യതയോടെ മുൻകൂട്ടി അറിയാൻ കഴിയുന്നത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വലിയ തോതിൽ ഉപകരിക്കും.

വേവ് റൈഡർ ബോയി സ്ഥാപിച്ചിട്ടുള്ള മേഖലയിലൂടെ പോകുന്ന മത്സ്യബന്ധന വള്ളങ്ങളും ബോട്ടുകളും പരമാവധി ജാഗ്രത പാലിക്കേണ്ടതാണ്. യാതൊരു കാരണവശാലും ഈ ഉപകരണത്തിന് കേടുപാടുകൾ വരുത്തുകയോ, അതിൽ തൊടുകയോ, മറ്റ് ഇടപെടലുകൾ നടത്തുകയോ ചെയ്യരുതെന്നും അധികൃതർ പറയുന്നു. പൊതുമുതലായ ഈ ശാസ്ത്രീയ ഉപകരണത്തിന് മനഃപൂർവ്വം കേടുപാടുകൾ വരുത്തുന്നത് നിയമപരമായി കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചാരണം, പിന്നാലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി വച്ച് ഓഫീസിൽ ക്ഷേമ പെൻഷൻ വിതരണം, പരാതി
കട അടയ്ക്കാൻ നേരം ഇരച്ചെത്തി 'ഇൻകം ടാക്സ് ഉദ്യോഗസ്ഥർ', കൊണ്ടോട്ടിയില്‍ സ്വർണാഭരണ നിർമാണ ശാലയിൽ കവർച്ച