തളപ്പിലിൽ ഒരു വീടിന്റെ പുറകിൽ അസാധാരണ സാഹചര്യത്തിൽ കണ്ടെത്തിയ മയിലിനെ രക്ഷാപ്രവർത്തകർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് നിന്ന മയിലിന്റെ ചിറകിന് നീർക്കെട്ടുണ്ടെന്ന് എക്സ്-റേ പരിശോധനയിൽ വ്യക്തമായി.
തളപ്പിൽ: തളപ്പിൽ വിജയൻ എന്ന ആളുടെ വീടിന്റെ പുറകിലായിട്ടാണ് അസാധാരണ സാഹചര്യത്തിൽ ഒരു മയിലിനെ കണ്ടെത്തിയത്. രാവിലെ മുതൽ തന്നെ വീടിന്റെ പിറകുവശത്ത് നിലയുറപ്പിച്ച മയിൽ ഉച്ചയായിട്ടും അവിടെനിന്നും ഒട്ടും മാറിപ്പോകാത്തത് ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് ഉടനടി തന്നെ മാർക്ക് പ്രവർത്തകനായ ജിഷ്ണു പണങ്കാവ് സ്ഥലത്തെത്തുകയും മയിലിനെ സുരക്ഷിതമായി റസ്ക്യൂ ചെയ്ത് മാറ്റുകയും ചെയ്തു.
ഇതിനുശേഷം വിവരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ഔദ്യോഗികമായി അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം മയിലിനെ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയമാക്കി. മൃഗാശുപത്രിയിൽ വെച്ച് ഇതിന്റെ എക്സ്-റേ എടുത്തു നോക്കിയപ്പോഴാണ് മയിലിന്റെ ചിറകിന് നല്ല രീതിയിൽ നീർക്കെട്ടുണ്ടെന്ന് കണ്ടെത്തിയത്. പരിശോധനകൾക്ക് നേതൃത്വം നൽകിയ ഡോക്ടർ നവാസ് മയിലിന് കുറച്ചു ദിവസത്തെ കൃത്യമായ സംരക്ഷണവും പരിചരണവും ആവശ്യമാണെന്ന് നിർദ്ദേശിച്ചു. വനംവകുപ്പിന്റെ മേൽനോട്ടത്തിൽ മയിലിന് ആവശ്യമായ ചികിത്സയും പരിചരണവും തുടർന്നും നൽകും.


