
വയനാട്: വയനാടിന്റെ തനതു നെൽവിത്തായ വെളിയനും സുഗന്ധ നെല്ലിനമായ ഗന്ധകശാലയും 15 ഏക്കർ പാടത്ത് വിളവിറക്കി വാളാട് എടത്തന തറവാട്ടിലെ വിളനാട്ടി ഉത്സവം. പരന്പരാഗത ചിട്ടകളും പൂജാ ചടങ്ങുകളോടും കൂടെയാണ് വിളനാട്ടി ഉത്സവം ആരംഭിച്ചത്. പതിനഞ്ച് ഏക്കർ പാട ശേഖരത്തിലാണ് ഇത്തവണ നെൽകൃഷി ചെയ്തത്. വയനാടിന്‍റെ തനത് നെൽവിത്തായ വെളിയനും സുഗന്ധനെല്ലിനമായ ഗന്ധകശാലയുമാണ് കൃഷിയ്ക്ക് ഉപയോഗിച്ചത്. സ്ത്രീകളും പുരുഷൻമാരും ഉൾപ്പെടെ ഇരുനൂറിലധികം പേർ പാടത്തിറങ്ങിയപ്പോൾ കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയായി മാറി.
പരന്പരാഗത രീതിയിലാണ് ഇവിടെ കാലങ്ങളായി കൃഷിയിറക്കുന്നത്. എടത്തന തറവാടിന് നെൽ കൃഷി ജീവിതത്തിന്‍റെ ഭാഗമാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവിടെ നെൽക്കൃഷി മുടക്കാറില്ല. ഞാറ്റടി തയ്യാറാക്കുന്നത് മുതൽ കൊയ്തെടുക്കുന്നത് വരെ അതീവ ശ്രദ്ധയോടെയാണ് ഇവിടെ നെൽകൃഷിയെ പരിപാലിക്കുന്നത്. പൂജാ ചടങ്ങുകൾ ചെയ്തതിന് ശേഷമാണ് കൃഷിപണിയ്ക്ക് തുടക്കം കുറിക്കുക. ജലക്ഷാമം നേരിടുന്നതിനാൽ ഇപ്പോൾ വർഷത്തിലൊരിക്കൽ മാത്രമാണ് നെൽകൃഷി.
നെല്ല് നടുന്നതിന് യന്ത്രങ്ങളെ ആശ്രയിക്കാറില്ല. നെല്ല് നടാൻ തറവാട്ടിലെ സ്ത്രി പുരുഷ ഭേദമന്യേ എല്ലാവരും പാടത്തിറങ്ങും. നഞ്ചക്കൃഷിയാണ് എടത്തനയിൽ എല്ലാ വർഷവും ചെയ്തു വരുന്നത്. നെൽകൃഷിയും നെൽവിത്തുകളും സംരക്ഷിച്ച് നിലനിർത്തിയതിന് ഇതിനകം നിരവധി പുരസ്ക്കാരങ്ങളും എടത്തന തറവാടിന് ലഭിച്ചിട്ടുണ്ട്. തവിഞ്ഞാൽ പഞ്ചായത്തും കൃഷി വകുപ്പും എടത്തനയിലെ നെൽകൃഷിയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുണ്ട്.
ഇരുനൂറിലേറെ കുടുംബങ്ങൾ എടത്തനയിലുണ്ട്. എടത്തന തറവാട്ടിൽ നടക്കുന്ന പുത്തരിയുത്സവം, വിവാഹം, തറവാട്ടിലെ അംഗങ്ങളുടെ മരണാന്തര ചടങ്ങുകൾ തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഒരു മണി അരി പോലും ഇതുവരെ പുറമെ നിന്ന് വാങ്ങേണ്ടി വന്നിട്ടില്ല. കാപ്പി, കുരുമുളക് തുടങ്ങിയ കൃഷിയും ഇവിടെയുണ്ട്. എടത്തന തറവാട്ടിലെ കാര്യസ്ഥൻ ഇ.കെ.ചന്തുവിന്‍റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്.