
സുൽത്താൻ ബത്തേരി: വയനാട്ടിലെ സിപ് ലൈൻ റൈഡിനിടെ അപകടം എന്ന പേരിൽ വ്യാജാ വീഡിയോ പ്രചരിച്ച സംഭവത്തിൽ വയനാട് സൈബർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വയനാട്ടിൽ സിപ്‌ലൈൻ റൈഡിനിടെ അപകടമുണ്ടായെന്നും അതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയും ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിരുന്നു. ഇത് എ ഐ വീഡിയോ ആണെന്നും, വ്യാജ വീഡിയോ പ്രചരിപ്പിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തിൽ സമൂഹത്തിൽ ഭയമുളവാക്കുന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അഷ്കർ അലി റിയാക്ട്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിനെതിരെയാണ് സൈബർ പൊലീസ് കേസ് എടുത്തത്.
വയനാട്ടിലേതാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന ഈ വീഡിയോ എ ഐ ഉപയോഗിച്ച് സൃഷ്ടിച്ച ഒരു ഡീപ് ഫേക്ക് വീഡിയോയാണ്. ഇത് ഗൗരവതരമായ കുറ്റകൃത്യമാണെന്നും, കടുത്ത നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ടൂറിസത്തെ ബാധിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ചതിനാൽ കർശന നടപടിയുണ്ടാകം. അതേസമയം വ്യാജ വീഡിയോ പ്രചരിപ്പിച്ച അക്കൗണ്ടിന്‍റെ വിവരങ്ങൾ തേടി ഇൻസ്റ്റഗ്രാമിനെ സൈബർ പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഒരു അമ്മയും കുഞ്ഞും സിപ്‌ലൈനിൽ നിന്ന് നിയന്ത്രണം വിട്ട് തെന്നിപ്പോകുന്നതും കൂടെയുണ്ടായിരുന്നയാൾ താഴേക്ക് വീഴുന്നതുമാണ് പ്രചരിച്ച വീഡിയോയുടെ ഉള്ളടക്കം.
സിസിടിവി ദൃശ്യങ്ങൾക്ക് സമാനമായ വിഡിയോയാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പിലുമൊക്കെ പ്രചരിക്കുന്നത്. ഒക്ടോബർ 27 എന്ന് തീയതിയും പകൽ 9:41 എന്ന് സമയവും ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. എല്ലാവരും ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെയിരുന്നു പ്രചരണം. ‘ഇന്നലെ വയനാട് നടന്നത്. എല്ലാവരും ശ്രദ്ധിക്കുക. ഇത് സോഷ്യൽ മീഡിയയിൽ കിട്ടിയതാണ്. ഇത് ശരിയാണെങ്കിൽ... ഇങ്ങനെയൊന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ’ എന്ന തരത്തിലാണ് പലരും വീഡിയോ റീ പോസ്റ്റ് ചെയ്തത്.