
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ മഴക്കാല പൂർവ്വ ശുചീകരണം തുടങ്ങിയെന്ന് മേയർ വി വി രാജേഷ്. തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുചീകരിക്കുന്ന ചിത്രങ്ങൾ മേയർ പങ്കുവച്ചു. 'ഞങ്ങൾ തുടങ്ങി. മഴക്കാലത്തിന് മുമ്പ് തിരുവനന്തപുരം കോർപ്പറേഷനിലെ നദികളും തോടുകളും വൃത്തിയാക്കുന്നതിൻ്റെ ഭാഗമായി ഇന്ന് രാത്രി തമ്പാനൂരിൽ ആമയിഴഞ്ചാൻ തോട് ശുദ്ധീകരിച്ചപ്പോൾ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. തിരുവനന്തപുരത്ത് മാലിന്യ സംസ്കരണം ശരിയായി നടക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നേരത്തെ വിമർശിച്ചിരുന്നു.
കോർപറേഷൻ പ്രവർത്തനം അവതാളത്തിലായെന്നും നാറാത്തത് നാറുമെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. മാലിന്യ നിർമാർജനം പാടെ പാളിയെന്നും തെരുവുനായ ശല്യം കൂടിയെന്നും ശിവൻകുട്ടി ആരോപിച്ചിരുന്നു. പലയിടത്തും തെരുവുവിളക്ക് കത്തുന്നില്ല. മാലിന്യനീക്കം പാടെ പാളി. നഗരം പകർച്ച വ്യാധി ഭീതിതിയിലാണെന്നും നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കരുതെന്നും സർവ്വ കക്ഷിയോഗം വിളിക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ശിവൻകുട്ടിയുടെ ആവേശം നാലാം തീയതി ആകുമ്പോഴെക്കും അടങ്ങുമെന്ന് വി വി രാജേഷ് തിരിച്ചടിച്ചു. നേതാവിന് ഇതുവരെ തോറ്റു എന്ന് ബോധ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് എന്തിനും കോർപ്പറേഷന്‍റെ മുകളിലേക്ക് കയറുന്നതെന്നും മേയർ മറുപടി നൽകി.
തിരുവനന്തപുരത്തെ മാലിന്യം സംസ്കരണം അവതാളത്തിലാക്കിയത് ശിവൻകുട്ടിയുടെ നേതൃത്വത്തിലാണെന്നാണ് വി വി രാജേഷിന്‍റെ മറുപടി. തിരുവനന്തപുരത്ത് മാത്രമല്ല, മാലിന്യ സംസ്കരണമെന്ന് കേൾക്കുമ്പോൾ സിപിഎം കേരളത്തെ മുഴുവൻ ഭയപ്പാടിലാക്കുന്ന തരത്തിലാണ് പ്രവർത്തിച്ചത്. വിളപ്പിൽശാല എന്ന് കേൾക്കുമ്പോൾ ആളുകൾക്ക് ഭയമാണെന്നും രാജേഷ് പറഞ്ഞു.
മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുപ്പ് ചട്ടം വരുന്നതിന് മുൻപ് തന്നെ വാർഡുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് വി വി രാജേഷ് പറഞ്ഞു. നഗരത്തിൽ പരമാവധി 30 ശതമാനം മേഖലയാണ് കോർപ്പറേഷൻ പരിധിയിൽ വരുന്നത്. ശുചീകരണത്തിനായി റിട്ടയേർഡ് ഉദ്യോഗസ്ഥരുടെ അടക്കം അഭിപ്രായം തേടിയിരുന്നു. കോർപ്പറേഷൻ ഫണ്ട്, ദുരന്ത നിവാരണ ഫണ്ട് എന്നിവ ഉപയോഗിച്ച് ശുചീകരണം ആരംഭിക്കുമെന്നും വി വി രാജേഷ് വ്യക്തമാക്കി. 38 വാർഡുകളിലാണ് വെള്ളക്കെട്ട് രൂപപ്പെടുന്നത്. ഇവിടങ്ങളിൽ പല ഭാഗങ്ങളും സന്ദർശിച്ചതായും മേയർ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam