
കൊല്ലം: വയോധികയായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുനലൂർ കരവാളൂർ തിരുവഴിമുക്ക് സ്വദേശിയായ സരള (70) യെ ആണ് വീടിനോട് ചേർന്നുള്ള പറമ്പിലെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കലയനാട്ടുളള മൂത്ത മകളുടെ വീട്ടിൽ നിന്നും കരവാളൂരിൽ എത്തിയ സരളയെ ഞായറാഴ്ച 11 മണിയോടു കൂടി കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനിടയിൽ വീടിന് തൊട്ടടുത്ത പറമ്പിലെ ഉപയോഗശൂന്യമായ ആൾമറയില്ലാത്ത കിണറ്റിൽ സരളയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു. പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
20 അടിയോളം താഴ്ച്ചയുള്ള തറപറ്റി കിടന്ന കിണർ മുമ്പ് സരള തന്നെയാണ് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മൂടിയിരുന്നത്. അതേ കിണറ്റിൽ തന്നെയാണ് സരളയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. കരവാളൂരിലെ വീട്ടു വളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam