
കോട്ടയം: പാചകവാതക സിലിണ്ടറിന്‍റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാൽ തൂക്കം അളക്കുന്നതിന് വാഹനത്തിൽ ത്രാസ് സൗകര്യം ഒരുക്കണമെന്ന് കോട്ടയം ജില്ലാതല പാചകവാതക അദാലത്തിൽ ഏജൻസികൾക്ക് നിർദ്ദേശം. ഗാർഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന്‍റെ ഭാഗമായി കളക്‌ടറേറ്റിലെ തൂലിക ഹാളിൽ ഡെപ്യൂട്ടി കളക്ടർ (എൽ എ) മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാതല അദാലത്തിലാണ് നിർദ്ദേശം.
പാചക വാതക വിതരണ ഏജൻസികൾ ഉപയോക്താക്കൾക്ക് ബില്ലുകൾ കൃത്യമായി നൽകണം. ബുക്ക് ചെയ്താൽ സമയബന്ധിതമായി സിലണ്ടറുകൾ ലഭ്യമാക്കണമെന്നും ഏജൻസികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്ക്- അഞ്ച്, കോട്ടയം-10, മീനച്ചിൽ- ഒന്ന്, ചങ്ങനാശേരി - മൂന്ന്, വൈക്കം - രണ്ട് എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, വിവിധ എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതകവിതരണ ഏജൻസി പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു.
അതേസമയം, രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കഴിഞ്ഞ ദിവസം 102 രൂപ വര്‍ധിച്ചിരുന്നു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ് എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.
വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണ കമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില 102 രൂപ കൂടി വര്‍ധിപ്പിച്ചതെന്നാണ് വിവരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam