
മാന്നാർ:മാന്നാർ പഞ്ചായത്തിന്റെ (mannar grama panchayat ) പടിഞ്ഞാറൻ മേഖലയിൽ വീണ്ടും വെള്ളപ്പൊക്കം (Flood). 100ലധികം വീടുകളിൽ വെള്ളം കയറി ജന ജിവിതം ദുരിതത്തിലായി. തോരാത്ത മഴയിൽ മാന്നാർ പഞ്ചായത്തിന്‍റെ പടിഞ്ഞാറെൻ മേഖലയിൽ ഒന്ന്, രണ്ട്, മൂന്ന്, നാല്, പതിനെട്ട് എന്നീ വർഡുകളിൽ വെള്ളം പൊങ്ങി നൂറിലധികം വീടുകളിൽ വെള്ളം കയറിയത്.
വെള്ളപ്പൊക്കത്തിന്‍റെ ദുരിതം കെട്ടടങ്ങും മുമ്പേ വീണ്ടും ജലനിരപ്പ് ഉയരുന്നത് പടിഞ്ഞാറെൻ മേഖലാ നിവാസികളെ ആശങ്കയിലാക്കുന്നു. നേരത്തെ പാവുക്കര, വൈദ്യൻ കോളനി, മൂർത്തിട്ട, വള്ളക്കാലി, പൊതുവൂർ എന്നിവിടങ്ങളിൽ വെള്ളം പൊങ്ങി മിക്ക വീടുകളും വെള്ളത്തിലായി നൂറോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരുന്നു.
ജല നിരപ്പ് താഴ്ന്നപ്പോൾ ദുരിതാശ്വാസ ക്യാമ്പുകൾ വിട്ട് അവരെല്ലാം വീടുകളിലേക്ക് തിരികെ എത്തിയതിന് പിന്നാലെയാണ് വീണ്ടും ജലനിരപ്പുയർന്നത് പ്രദേശ വാസികളെ ബുദ്ധിമുട്ടിലാക്കി മാറ്റിയത്. ഒരു മഴ പെയ്താൽ ഈ ദേശങ്ങളിലെ വീടും പരിസരവും വെള്ളത്തിലാകും. ഇനിയും മഴ തുടർന്നാൽ വീട് വിട്ട് പോകേണ്ട അവസ്ഥയിലാണ്. ഒന്ന്, രണ്ട് വാർഡുകളിലെ ഒറ്റപ്പെട്ട ചില വീടുകളിൽ കഴിയുന്നവർ പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ്.
കിഴക്കൻ വെള്ളത്തിന്‍റെ വരവോടെ പമ്പാ, അച്ചൻ കോവിലാറുകളിലെ ജലനിരപ്പുയരുന്നതാണ് അപ്പർകുട്ടനാടൻ മേഖലയായ പടിഞ്ഞാറൻ മേഖലകളിൽ അടിക്കടി വെള്ളം കയറുന്നത്. വെള്ളം കയറിയ വീടുകളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ടി വി രത്നാകുമാരി പറഞ്ഞു. പഞ്ചായത്തംഗങ്ങളായ സലീന നൗഷാദ്, സുജാത മനോഹരൻ, വി ആർ ശിവപ്രസാദ് എന്നിവർ വെള്ളപ്പൊക്ക പ്രദേശങ്ങൾ സന്ദർശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam