
ഹരിപ്പാട്: ആറാട്ടുപുഴയിൽ(Arattupuzha) കൂറ്റൻ തിമിംഗലത്തിന്‍റെ(Whale) അവശിഷ്ടങ്ങൾ തീരത്ത് അടിഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് ശക്തമായ തിരമാലയെ തുടർന്ന് പെരുമ്പള്ളിയിൽ തിമിംഗലത്തിന്‍റെ കുറച്ചു ഭാഗം കരയ്ക്ക് അടിയുകയായിരുന്നു. ഉച്ചയോടു കൂടി നല്ലാണിക്കൽ ഭാഗത്ത് ബാക്കി ശരീരഭാഗവും അടിഞ്ഞു. ഒരാഴ്ചയോളം പഴക്കം ചെന്നതായിരുന്നു ശരീരഭാഗങ്ങളെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പത്ത് മീറ്റർ നീളവും, അഞ്ചു മീറ്റർ വണ്ണവും തിമിംഗലത്തിന് ഉണ്ട്. ഇതിൻറെ വയർ ഭാഗങ്ങൾ ഇല്ലാതിരുന്നതിനാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കുവാൻ കഴിയില്ല എന്ന് പരിശോധന നടത്തിയ ആറാട്ടുപുഴ മൃഗാശുപത്രിയിലെ ഡോക്ടർ ബിനിൽ പറഞ്ഞു. ഫൈൻ വെയിൽ ഇനത്തിൽപ്പെട്ട തിമിംഗലം ആണെന്ന് ശരീരഭാഗം പരിശോധിച്ചശേഷം റാന്നി ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീഷ് പറഞ്ഞു.
ശരീരഭാഗം അഴുകിയതിനാൽ രൂക്ഷമായ ദുര്‍ഗന്ധമാണ് അനുഭവപ്പെട്ടത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ അനുമതിയെ തുടർന്ന് ആറാട്ടുപുഴ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് തീരത്ത് തന്നെ തിമിംഗലത്തിന്‍റെ ശരീരഭാഗങ്ങൾ മറവുചെയ്തു. തിമിംഗലത്തിന്‍റെ ശരീരാവശിഷ്ടങ്ങൾ തീരത്തടിഞ്ഞതിൽ അസ്വാഭാവികതയില്ലെന്നും ശക്തമായ തിരമാലയിൽ തീരത്തടിഞ്ഞപ്പോൾ ശരീരം വേർപെട്ടതാകാമെന്നും അധികൃതർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ മൻസൂർ ഗ്രാമപഞ്ചായത്തംഗം വിജയാംബിക എന്നിവരുടെ നേതൃത്വത്തിലാണ് മറവ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam