കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു.

കോഴിക്കോട്/മലപ്പുറം: കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം. കോഴിക്കോട് കോവൂരിൽ സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മ മരിച്ചു. കുറ്റിക്കാട്ടൂർ സ്വദേശി ജമീല (60) ആണ് മരിച്ചത്. ബസ് തട്ടി റോഡിൽ വീണ ജമീലയുടെ മുകളിൽ ബസ് കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന ജമീലയുടെ ഭർത്താവിനും പരിക്കേറ്റു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

രോഗിയുമായി പോയ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

 മലപ്പുറത്ത് ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മലപ്പുറം എടക്കര വെള്ളാരംക്കുന്ന് ചാലിപ്പറമ്പൻ ബാപ്പുട്ടി (70) ആണ് മരിച്ചത്. എടക്കര ടൗണിൽ ബസ് സ്റ്റാൻഡിനു മുന്നിൽ ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്.

കാറിടിച്ച് ലോറി ഡ്രൈവർ മരിച്ചു

മലപ്പുറം പൊന്നാനി അയിങ്കലത്ത് കാറിടിച്ച് ലോറി ഡ്രൈവർ മരിച്ചു. ആലപ്പുഴ സ്വദേശി സിബി (55) ആണ് മരിച്ചത്. പൂനെയിലേക്ക് ലോഡുമായി പോകുകയായിരുന്ന ലോറിയിലെ ഡ്രൈവറായ സിബി ലോറി നിർത്തി ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ കാർ ഇടിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.