മാന്നാറിനടുത്തുള്ള ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിൽ തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണത്തിൽ അമ്പത് ദിവസം പ്രായമായ നെൽച്ചെടികൾ വ്യാപകമായി നശിച്ചു. ഇരുന്നൂറ്റമ്പതോളം ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന കൃഷിയെ ഇത് ബാധിച്ചു. 

മാന്നാർ: തണ്ടുതുരപ്പൻ പുഴുക്കളുടെ ആക്രമണത്തിൽ ചെന്നിത്തല മൂന്നാം ബ്ലോക്ക് പാടശേഖരത്തിൽ അമ്പത് ദിവസം പ്രായമായ നെൽച്ചെടികൾ വ്യാപകമായി നശിച്ചു. ഇരുന്നൂറ്റമ്പതോളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരത്തിലാണ് ശല്യം രൂക്ഷമായിരിക്കുന്നത്. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ തണ്ടിനുള്ളിൽ കടന്ന് ഉൾഭാഗം തിന്നുന്നതോടെ നടുനാമ്പുണങ്ങി ചെടികൾ കരിഞ്ഞുണങ്ങുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. കർഷകർ വിവരമറിയിച്ചതിനെത്തുടർന്ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള പ്രതിനിധികൾ സ്ഥലത്തെത്തി പരിശോധന നടത്തിയിരപന്നു. ഞാറ്റടി മുതൽ കതിർ പാകമാകുന്നതുവരെ ഏതു സമയത്തും ഇവയുടെ ആക്രമണം ഉണ്ടാകാമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

രണ്ടാം വളം നൽകാത്ത കർഷകർ വളത്തിനൊപ്പം തരി രൂപത്തിലുള്ള കീടനാശിനി കൂടി ചേർത്ത് പാടത്തിടുന്നത് ഫലപ്രദമാകുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചു. എന്നാൽ സാങ്കേതിക ഉപദേശം സ്വീകരിച്ചു മാത്രമേ കീടനാശിനി പ്രയോഗിക്കാവൂ എന്നും അധികൃതർ ഓർമിപ്പിച്ചു. കഴിഞ്ഞ വർഷം കൃഷിനാശത്തിൽ ഏറെ നഷ്ടമുണ്ടായ കർഷകർ പ്രതീക്ഷയോടെയാണ് ഇത്തവണ കൃഷിയിറക്കിയത്. എന്നാൽ തുടക്കം മുതൽ പ്രതിസന്ധിയായിരുന്നു. വിതയ്ക്കാനായി കൊണ്ടുവന്ന 280 കിലോ നെൽവിത്തുകൾ മഴവെള്ളത്തിൽ നശിച്ച് വലിയ നഷ്ടം സംഭവിച്ചിരുന്നു. മൂന്നാം ബ്ലോക്കിലെ കർഷകനായ ചെന്നിത്തല പുത്തൻകോട്ടയ്ക്കകം കുറ്റിയിൽ കെ എൻ തങ്കപ്പന്റെ ആറ് ഏക്കറോളം വരുന്ന പാടത്ത് തണ്ടുതുരപ്പൻ ആക്രമണത്തിൽ നെൽച്ചെടികൾ നശിച്ചിട്ടുണ്ട്.