
കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വിഷയവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നുള്ളത് സ്ഥിരമായി കേള്‍ക്കുന്ന കാര്യമാണ്. എന്താണ് ഈ എഫ്ഐആര്‍ അല്ലെങ്കില്‍ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് സിആര്‍പിസി 154 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.
നിലവിൽ പൊലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ റാങ്കിന് മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ഐആറിന് വളരെ പ്രാധാന്യമുണ്ട്.
പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം. ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പൊലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്.
ഒപ്പിട്ട് നൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പൊലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പൊലീസ് സ്റ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്. ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് പൊതു ജനങ്ങള്‍ വിഷമിക്കേണ്ടതില്ല.
എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പൊലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapolice.gov.in) നിന്ന് എഫ്‌ഐആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam