
കോഴിക്കോട്: ഗോഡ്സേ നേരിട്ട് ചെയ്ത കാര്യങ്ങളാണ് ഇന്ന് കോൺഗ്രസ് പ്രതീകാത്മകമായി ചെയ്യുന്നതെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു. ആർഎസ്എസ്. നേരിട്ട് ചെയ്ത കാര്യങ്ങൾ പ്രതീകാത്മകമായി നടപ്പാക്കുന്ന സംഘമായി കോൺഗ്രസും മുസ്ലിം ലീഗും മാറിയെന്നാണ് വയനാട്ടിലെ മഹാത്മാഗാന്ധിയുടെ ചിത്രം ചുമരിൽ നിന്നും എടുത്ത് നിലത്തെറിഞ്ഞ് പൊട്ടിച്ചതുമായി പറയാൻ കഴയുകയെന്നും അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐ നേതാവ് ജോബി ആൻഡ്രൂസിന്റെ മുപ്പതാം രക്തസാക്ഷി ദിനാചരണത്തിന്റെ താമരശ്ശേരിയിൽ നടന്ന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു വിപി സാനു. കൊലയും അക്രമവുമായി എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ഓരോ ക്യാമ്പസുകളിലേയും എസ്എഫ്ഐയുടെ വിജയങ്ങളും മുന്നേറ്റങ്ങളും.
നിലപാടില്ലായ്മയാണ് കോൺഗ്രസിനെ ഇല്ലാതാക്കിയത്. ആർഎസ്എസിനേക്കൾ നന്നായി വർഗീയതയാണ് വിഡി സതീശൻ പറഞ്ഞതെന്നാണ് ആർഎസ്എസ്. പറയുന്നത്. ഹിന്ദു വർഗീയത വളർത്തിയതിന് പ്രധാന പങ്ക് കോൺഗ്രസിനാണ്. കോൺഗ്രസ് തുറന്ന് വിട്ട ആർഎസ്എസ് എന്ന ഭൂതം കോൺഗ്രസസിനേയും ഇന്ത്യയെയും തന്നെ ഗ്രസിക്കുന്ന സാഹചര്യമാണ്.
Read more: 'പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പുകള്‍ ആര്‍എസ്എസ് ശാഖ പോലെ': പുലിവാല്‍ പിടിച്ച് ബിഹാര്‍ പൊലീസ് ഓഫീസര്‍
മോദിയുടെ അഗ്നിപഥ് എന്നാൽ കൂലി പട്ടാളത്തെ സൃഷ്ടിക്കലാണ്. പട്ടാളത്തിൽ വരെ കരാർ തൊഴിലാണ്. അതായത് സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നു. നരേന്ദ്ര മോദിയുടെ പര്യായങ്ങളൊന്നും ഇനി ലോക്സഭയിൽ പറയാൻ പാടില്ലത്രെ. ആ വാക്കുകളെല്ലാമാണ് നിരോധിച്ചിരിക്കുന്നത്. ആർഎസ്എസ് പ്രവർത്തിക്കുന്ന പോലെയാണ് എസ്ഡിപിഐയും പ്രവർത്തിക്കുന്നതെന്നാണ് പറയുന്നത്. എൻഎച്ച്., ഗെയിൽ വിരുദ്ധ സമരങ്ങൾ കൂട്ടായി ചെയ്ത ലീഗുകാർ ഇപ്പോഴേങ്കിലും ചിന്തിക്കണമെന്നും സാനു പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, ജില്ലാ സെക്രട്ടറി കെവി അനുരാഗ്, ഏരിയാ സെക്രട്ടറി അസ്ലം, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് , ജാൻവി കെ.സത്യൻ, മുഹമ്മദ് സാദിഖ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് പി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. കോരങ്ങാട്ടെ താമരശേരി ഗവ. വെക്കേഷണൽ ഹയർ സെക്കൻ്ററി പരിസരത്ത് നിന്ന് താമരശ്ശേരി അങ്ങാടിയിലേക്ക് റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.