അത് സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ കണ്ണ് മഞ്ഞളിച്ചില്ല; 7 വര്‍ഷം മുമ്പ് കളഞ്ഞുപോയ മാല ജാനകിക്ക് കൈമാറി ഔസേപ്പച്ചൻ

Published : Jun 25, 2025, 12:33 PM ISTUpdated : Jun 25, 2025, 12:41 PM IST
gold necklace got back after seven years

Synopsis

അടയ്ക്ക പെറുക്കുന്നതിനിടെ കിട്ടിയ സ്വർണമാല അയൽവാസിയുടേതാണെന്ന് ഓർത്തെടുത്ത് കൈമാറി ഔസേപ്പച്ചൻ. ജാനകിക്ക് ഏഴ് വർഷം മുൻപ് നഷ്ടമായ മാല തിരികെ ലഭിച്ചു.

പുല്‍പ്പള്ളി: കാപ്പിക്കുന്ന് പുതിയിടം ഔസേപ്പച്ചന്‍ എന്ന തൊഴിലാളി സമീപവാസിയുടെ കൃഷിയിടത്തില്‍ അടയ്ക്ക പെറുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ കാഴ്ച കണ്ണിലുടക്കി നിന്നു. പുല്ലുകള്‍ക്കിടയില്‍ എന്തോ തിളങ്ങുന്നു. കൂടുതല്‍ അടുത്ത് ചെന്ന് നോക്കിയപ്പോള്‍ ഒരു മാലയാണെന്ന് മനസിലായി. ആരോ ഉപേക്ഷിച്ച നിറം മങ്ങിയ വല്ല മുക്കുപണ്ടവുമായിരിക്കുമെന്ന ധാരണയില്‍ തിരികെ നടക്കാനൊരുങ്ങിയെങ്കിലും അതെടുത്ത് നോക്കാമെന്ന് തീരുമാനിച്ചു. മാലയെടുത്ത് കഴുകി വൃത്തിയാക്കിയപ്പോഴതാ സ്വര്‍ണം പോലെ തിളങ്ങുന്നു. അല്ല അത് സ്വര്‍ണം തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഔസേപ്പച്ചന്റെ ഓര്‍മ്മകളിലേക്ക് എത്തിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന വേദനിപ്പിക്കുന്ന ആ സംഭവമായിരുന്നു.

ആ കഥയിങ്ങനെയാണ്- വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊഴിലുറപ്പ് ജോലിക്ക് തന്നോടൊപ്പം ഉണ്ടായിരുന്ന, അയല്‍ക്കാരി കൂടിയായ പുതിയിടം മാക്കുറ്റി ജാനകി മൂപ്പത്തിയുടെ മാല നഷ്ടപ്പെട്ടിരുന്നു. എല്ലുമുറിയെ പണിയെടുത്ത് സ്വരുക്കൂട്ടിവെച്ച പൊന്നിനേക്കാളും വിലയുള്ള തുട്ടുകള്‍ കൊടുത്ത് 57-ാം വയസിലാണ് ജാനകി മൂപ്പത്തി ഒന്നര പവന്റെ ഒരു സ്വര്‍ണമാല വാങ്ങുന്നത്. 2018-ല്‍ ആയിരുന്നു ആ സംഭവം. വാങ്ങി കഴുത്തിലിട്ട് കൊതിതീരും മുമ്പെ മാല എങ്ങോ കളഞ്ഞുപോകുകയായിരുന്നു. അന്ന് കൂടെയുണ്ടായിരുന്നവരെല്ലാം മാലക്കായി അരിച്ചുപെറുക്കി തിരഞ്ഞു. കിട്ടിയില്ലെന്ന് മാത്രമല്ല ഒന്നരപ്പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതിന്റെ വിഷമം ഏഴു വര്‍ഷത്തിനിപ്പുറം ജാനകി മൂപ്പത്തി മറന്നും തുടങ്ങിയിരുന്നു.

ജാനകിയുടെ സങ്കടമുഖം ഇപ്പോഴും ഔസേപ്പച്ചന്റെ മനസിലുണ്ട്. മുന്നും പിന്നും നോക്കാതെ മാലയെടുത്ത് ജാനകി മൂപ്പത്തിക്കും ഭര്‍ത്താവ് കരിമ്പനും മുമ്പിലെത്തി അദ്ദേഹം കൈമാറി. ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതിയ മാല വീണ്ടും കണ്ടപ്പോള്‍ ജാനകി മൂപ്പത്തിക്കും കരിമ്പനും സന്തോഷാശ്രുക്കള്‍. ഇരുമുഖങ്ങളിലും പൊന്ന് തോല്‍ക്കുന്ന തിളക്കം കണ്ടു. തൊഴിലുറപ്പ് ജോലി ചെയ്തും അരുമയായി വളര്‍ത്തിയ പോത്തിനെ വിറ്റുകിട്ടിയതുമെല്ലാം കൂട്ടിവെച്ചായിരുന്നു സ്വര്‍ണ മാല സ്വന്തമാക്കിയത്. അന്ന് മാല നഷ്ടപ്പെട്ടപ്പോള്‍ വഴികളായ വഴികളും പറമ്പുകളും തിരയാന്‍ ഔസേപ്പച്ചന്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നതായി ജാനകിയും കരിമ്പനും ഓര്‍ത്തെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു