
ദില്ലി: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള ചുരുക്കപ്പട്ടിക തയ്യാറാക്കാനായി യുപിഎസ്‍സി യോഗം ഇന്ന് ചേരും. ദില്ലിയിൽ 12 മണിക്കാണ് യോഗം. ആറ് പേരുടെ പട്ടികയാണ് സംസ്ഥാനം കൈമാറിയത്. ഇതിൽ ഡിജിപി റാങ്കിലുള്ള നാലു പേരെ മാത്രം പരിഗണിക്കുമെന്നാണ് കേന്ദ്രം സംസ്ഥാനത്തെ അറിയിച്ചത്.
റോഡ് സേഫ്റ്റി കമ്മീഷണർ നിധിൻ അഗർവാള്‍, ഐബി സ്പെഷ്യൽ ഡയറക്ടർ റാവഡാ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് മേധാവി മനോജ് എബ്രഹാം എന്നിവരാണ് ഡിജിപി റാങ്കിലുളളവർ. എസ്പിജി അഡീഷണൽ ഡയറക്ടർ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയൻ മേധാവി എം ആർ അജിത് കുമാർ എന്നിവരാണ് എഡിജിപി റാങ്കിലുള്ളവർ. എം ആർ അജിത് കുമാറിനെ പട്ടികയിൽ ഉള്‍പ്പെടുത്താനായി കേന്ദ്രത്തിനു മേൽ സംസ്ഥാനം സമ്മർദം ചെലുത്തിയിരുന്നുവെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രം സംസ്ഥാനത്തിന് കൈമാറുക.
കേന്ദ്ര പ്രതിനിധികളെ കൂടാതെ സംസ്ഥാനത്ത് നിന്നും ചീഫ് സെക്രട്ടറിയും പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര കൈമാറുന്ന മൂന്നംഗ പട്ടിയകയിൽ നിന്നും ഒരാളെ മന്ത്രിസഭായോഗം ഡിജിപിയായി തെരഞ്ഞെടുക്കും. ഈ മാസം 30നാണ് ഷെയ്ക്ക് ദർവേഷ് സാഹിബ് വിരമിക്കുന്നത്. നാലു ഡിജിപിമാരിൽ ആരെയെങ്കിലും തഴയുകയോ പിൻമാറുകയോ ചെയ്താൽ മാത്രമേ എഡിജിപിമാരെ പരിഗണിക്കാനിടയുള്ളൂ.