ലോട്ടറി നമ്പർ തിരുത്തി വ്യാപക തട്ടിപ്പ്; ബൈക്ക് നമ്പറും മാറ്റിനടന്ന ഷാജി ഒടുവിൽ വലയിൽ

By Web TeamFirst Published Jan 30, 2021, 6:08 PM IST
Highlights

ലോട്ടറിയിലെ നമ്പർ തിരുത്തി കൊല്ലം ജില്ലയിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് വ്യാപകമായി പണം തട്ടിയ ആളെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊല്ലം: ലോട്ടറിയിലെ നമ്പർ തിരുത്തി കൊല്ലം ജില്ലയിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് വ്യാപകമായി പണം തട്ടിയ ആളെ ഒടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കരിക്കോട്ടെ ലോട്ടറി ഏജൻസിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊല്ലം പരവൂരിൽ വയോധികനായ ലോട്ടറി വ്യാപാരിയെ കബളിപ്പിച്ച് ഏഴായിരം രൂപയും മൂവായിരം രൂപ വിലവരുന്ന ലോട്ടറി ടിക്കറ്റും തട്ടിയെടുക്കുന്ന ദൃശ്യങ്ങളുടെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എഴുകോൺ പൊലീസ് കൊല്ലം കരിക്കോട്ടെ ലോട്ടറി ഏജൻസിയിൽ നിന്ന് ഷാജിയെ അറസ്റ്റ് ചെയതത്. 

വയോധികരായ ചെറുകിട ലോട്ടറി കച്ചവടക്കാരെ കേന്ദ്രീകരിച്ചായിരുന്നു ഷാജിയുടെ തട്ടിപ്പ്. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളിലെ എട്ട് എന്ന അക്കം മൂന്ന് എന്ന് തിരുത്തി ഷാജി കൊല്ലം ,തിരുവനന്തപുരം മേഖലകളിലെ ചെറുകിട കച്ചവടക്കാരിൽ നിന്ന് തട്ടിയെടുത്തത് ആയിരം രൂപ മുതൽ പതിനായിരം രൂപ വരെ. ഓരോ തവണ തട്ടിപ്പു നടത്തുമ്പോഴും ഷാജി തൻ്റെ ഇരുചക്രവാഹനത്തിൻ്റെ നമ്പരും മാറ്റിക്കൊണ്ടേയിരുന്നു. 

ഒടുവിൽ മാറനാട് സ്വദേശിയായ ലോട്ടറി കച്ചവടക്കാരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിനിടെ എഴുകോൺ പൊലീസിൻ്റെ പിടിവീണു. എഴുകോൺ ഇൻസ്പെക്ടർ ടിഎസ് ശിവപ്രസാദ്, എസ്ഐമാരായ ബാബു കുറുപ്പ്, അരുൺകുമാർ, സിവിൽ പൊലീസ് ഓഫിസർ ബിനിൽ മോഹൻ എന്നിവരുടെ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

click me!