
കോട്ടയം: കോട്ടയം മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരിനിലം സ്വദേശി പ്രദീപിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ സൗമ്യ, സൗമ്യയുടെ അമ്മ ബീന എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം മുണ്ടക്കയത്ത് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. പ്രദീപും കുടുംബവും ഏറെക്കാലമായി വിശാഖപട്ടണത്തായിരുന്നു താമസം. ഭാര്യ സൗമ്യവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കുറച്ചുകാലമായി ഇവർ പിരിഞ്ഞു താമസിക്കുകയായിരുന്നു. മൂത്തമകൾ പ്രദീപിന് ഒപ്പവും, ഇളയ മകൾ സൗമ്യയ്ക്കൊപ്പം നാട്ടിലുമായിരുന്നു താമസം. കുടുംബ വഴക്കിനെ തുടർന്ന് വിവാഹബന്ധം വേർപ്പെടുത്താൻ ഉള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ദാരുണ സംഭവം. മക്കളുടെ സംരക്ഷണാവകാശം സംബന്ധിച്ച തർക്കമാണ് ഏറ്റവും ഒടുവിലത്തെ പ്രകോപനം. ഇക്കാര്യത്തിൽ ഞായറാഴ്ച രാവിലെ മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ ഇരുകൂട്ടരും സംസാരിച്ച് ധാരണയിലെത്തിയിരുന്നു. ഇതിനുശേഷമാണ് പ്രദീപ് ഭാര്യയെയും ഭാര്യമാതാവിനെയും വീട്ടിലെത്തി വെട്ടി പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രദീപിനെ പിന്നീട് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സൗമ്യയുടെ വീടിന് സമീപമുളള റബ്ബർ തോട്ടത്തിലായിരുന്നു പ്രദീപിൻ്റെ മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)