
ഹരിപ്പാട് : ആലപ്പുഴയിൽ നാടിന് വേദനയായി ഭർത്താവിന് തൊട്ട് പിന്നാലെ ഭാര്യയുടേയും മരണം .ആറാട്ടുപുഴ കള്ളിക്കാട് കൂട്ടുങ്കൽ സഹദേവനും ഭാര്യ സതിയമ്മയുമാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ വിട പറഞ്ഞത്. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സഹദേവൻ (71) തിങ്കളാഴ്ച രാവിലെ ആറ് മണിക്കാണ് മരണപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് സഹദേവനെ സംസ്കരിച്ചത്. ചിത എരിഞ്ഞ് തീരുംമുമ്പേ ഭാര്യ സതിയമ്മയും ലോകത്തോട് വിടവാങ്ങി. കിടപ്പ് രോഗിയായ സതിയമ്മ (68) ചൊവ്വാഴ്ച പുലർച്ചെ ഏഴ് മണിയോടെയാണ് മരിച്ചത്. മണിക്കൂറുകളുടെ വിത്യാസത്തിൽ സഹദേവന്‍റെയും ഭാര്യയുടേയും മരണം നാടിനെയാകെ വേദനയിലാഴ്ത്തി. സതിയമ്മയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ നടന്നു. മക്കൾ: ഷാജിക്കുട്ടൻ, ശാൻറിമോൾ, ഷാബു. മരുമക്കൾ: അനിത, സജീവ്, കാർത്തിക.