രണ്ടു കാറുകളിലായി വന്ന കവർച്ച സംഘം മുൻപിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി രക്ഷപ്പെടുകയായിരുന്നു.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം രൂപ കവർച്ച ചെയ്ത സംഘത്തിലെ ഒരാൾ കൂടി പിടിയിലായി. തൃശൂർ, മാള, കുറ്റിപുഴക്കാരൻ വീട്ടിൽ സിജിൽ( 29) ആണ് താമരശ്ശേരി പൊലീസിന്‍റെ പിടിയിലായത്. കവർച്ചാ സംഘം ക്യത്യം നടത്താൻ ഉപയോഗിച്ച കറുപ്പ് ബൊലേറോ കാർ സഹിതം മാളയിൽ വെച്ചാണ് ഇയാൾ പിടിയിലായത്. കേസിൽ രണ്ട് പേർ അറസ്റ്റിലായത് അറിഞ്ഞ് സിജിൽ ഒളിവിൽ വരുകയായിരുന്നു. സിജിലിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
ഇതോടെ ഈ കേസിൽ ഏഴ് പേർ അറസ്റ്റിലായി. ഡിസംബർ 13-ന് രാവിലെ 8മണിയോടെയാണ് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ വെച്ച് മൈസൂരിൽ നിന്നും സ്വർണ്ണം വാങ്ങിക്കുന്നത്തിനായി കൊടുവള്ളിയിലേക്ക് കാറിൽ വരികയായിരുന്ന മഹാരാഷ്ട്ര സ്വാദേശിയും മൈസൂരിൽ താമസക്കാരനുമായ വിശാൽ ഭഗത് മട്‌കരി എന്നാളെ രണ്ടു കാറുകളിലായി വന്ന കവർച്ച സംഘം മുൻപിലും പുറകിലുമായി ബ്ലോക്കിട്ട് കാറിന്റെ സൈഡ് ഗ്ലാസ്സുകൾ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു തകർത്ത് വിശാലിനെ അടിച്ചു പുറത്തേക്കിട്ട ശേഷം കാറും കാറിൽ സൂക്ഷിച്ചിരുന്ന 68-ലക്ഷം രൂപയുമായി കടന്ന് കളഞ്ഞത്.
സംഭവത്തിനു ശേഷം പതിനഞ്ചാം തീയ്യതിയാണ് വിശാൽ പരാതിയുമായി താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ വരുന്നത്. സംഭവത്തെ കുറിച്ച് നിരവധി സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ രണ്ടു പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയും മറ്റ് പ്രതികളെ കുറിച്ച് വിവരം ശേഖരിക്കുകയും ചെയ്തിരുന്നു. തൃശൂർ കേന്ദ്രീകരിച്ചുള്ള കുഴൽപ്പണ കവർച്ച സംഘത്തിലെ ചിലരാണ് ആസൂത്രണം ചെയ്തത്. സ്വർണ്ണ-കുഴൽ പ്പണ ഇടപാടുകാർ മുതൽ നഷ്ടപ്പെട്ടാൽ പരാതി നൽകില്ലെന്ന് മനസ്സിലാക്കിയാണ് പ്രതികൾ കവർച്ച നടത്തിയത്.
