
കല്‍പ്പറ്റ: പുല്‍പ്പള്ളി പഞ്ചായത്തിലുള്‍പ്പെട്ട ചേകാടി കാര്‍ഷിക ഗ്രാമത്തിലെ ജനജീവിതം വന്യമൃഗശല്ല്യത്താല്‍ ദുസ്സഹമാകുകയാണ്. വനത്താല്‍ ചുറ്റപ്പെട്ടതെങ്കില്‍ ഗ്രാമവഴികളില്‍ മുമ്പില്ലാത്ത വിധം ആനയുടെയും കടുവകളുടെയും സാന്നിധ്യം വര്‍ധിക്കുകയാണ്. ഭയം കാരണം അഞ്ച് മണിക്കുമുമ്പ് വീട്ടിലെത്തേണ്ട അവസ്ഥയാണുള്ളത്.
രാവിലെയും ജോലിക്കും മറ്റും ഗ്രാമത്തിന് പുറത്തേക്ക് പോകുന്നവര്‍ ആശങ്കയോടെയാണ് കാട്ടുവഴികള്‍ താണ്ടുന്നത്. കഴിഞ്ഞ ദിവസം കൊമ്പന് മുമ്പിലകപ്പെട്ട ഓട്ടോ യാത്രികര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പാളക്കൊല്ലി-ചേകാടി റൂട്ടില്‍ വെട്ടത്തൂര്‍, കുണ്ടുവാടി, പൊളന്ന, വിലങ്ങാടി തുടങ്ങിയിടങ്ങളിലും പാക്കം-കുറുവ ദ്വീപിലും പന്നിക്കലിലും നിത്യവും കാട്ടാനകള്‍ എത്തുന്നുണ്ട്.
സന്ധ്യമയങ്ങിയാല്‍ ചേകാടിയിലേക്ക് ഓട്ടോക്കാരോ മറ്റു ടാക്‌സിക്കാരോ വരാറില്ല. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും മറ്റും ഗ്രാമത്തിന് പുറത്തേക്ക് പോകേണ്ടി വരുന്നവരാകട്ടെ കിട്ടുന്ന വിലക്ക് സാധനങ്ങളെല്ലാം വിറ്റുതീര്‍ത്ത് സന്ധ്യമയങ്ങുന്നതിന് മുമ്പ് വീടണയാന്‍ നോക്കാറുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ കൊണ്ടാണ് വന്യമൃഗശല്ല്യം ഇത്ര ദുസ്സഹമായതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്.
കടുവയും പുലിയും നിരന്തരം ജനവാസമഖലകളിലേക്ക് എത്തുന്നുണ്ട് ചേകാടിയില്‍. ടാര്‍ ചെയ്ത റോഡുണ്ടെങ്കിലും ഇതിന് സമീപം കുറ്റിക്കാടുകള്‍ നല്ല പൊക്കത്തില്‍ വളര്‍ന്നുനില്‍ക്കുന്നുണ്ട്. ആനയോ കടുവ പോലെയുള്ള മൃഗങ്ങളോ ഇതിനുള്ളിലുണ്ടെങ്കില്‍ ദുരെ നിന്ന് കാണാന്‍ സാധിക്കില്ല. അടുത്തെത്തിയാലാകട്ടെ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രമായിരിക്കും.
കഴിഞ്ഞ ദിവസം വൈകുന്നേരം വനപാതയിലൂടെ സഞ്ചരിക്കവെ സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ പരാക്രമമുണ്ടായി. സീതാ മൗണ്ട് കൊല്ലം കുടിയില്‍ ഷിജുവിന്റെ നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ആനയെ കണ്ട ഷിജു വാഹനമുപേക്ഷിച്ച് ഓടുകയായിരുന്നു. ഇതോടെ ആനയുടെ കോപം മുഴുവന്‍ സ്‌കൂട്ടറിന് നേരെയായി. സ്‌കൂട്ടര്‍ നിശ്ശേഷം തകര്‍ത്തതിന് ശേഷമാണ് ആന പിന്‍മാറിയത്. വിലങ്ങാടിക്കടുത്ത് വെട്ടത്തൂര്‍ കവലയില്‍ വെച്ചായിരുന്നു സംഭവം. വനപാലകര്‍ സ്ഥലത്തെത്തിയാണ് ആനയെ തുരത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam