
ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെയുണ്ടാകുന്ന വീണ്ടും വന്യജീവിയാക്രമണം. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനില്‍ കടുവയുടെ ആക്രമണത്തില്‍ കറുവ പശുക്കള്‍ ചത്തു. പ്രദേശവാസിയായ അയ്യാദുരൈയുടെ രണ്ട് കന്നുകാലികളാണ് ചത്തത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഇവിടെ മുപ്പതിലധികം പശുക്കളെ വന്യജീവികള്‍ കൊലപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മേയാന്‍ വിട്ട പശുക്കള്‍ തിരികെയെത്താതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് ലയത്തിന് സമീപമായി തേയില തോട്ടത്തില്‍ പശുക്കളുടെ ജഡം കണ്ടെത്തിയത്. അയ്യാദുരൈക്കുണ്ടായിരുന്നത് രണ്ട് പശുക്കളും രണ്ട് പശു കിടാക്കൾ മാത്രമാണ്. ഇതിൽ രണ്ട് പശുക്കളെയാണ് നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് പശുക്കളുടെ ജഡം കിടന്നിരുന്നതിന് സമീപം വനംവകുപ്പ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ജഡം നീക്കം ചെയ്യാതിരുന്നതിനാല്‍ ശേഷിച്ച ഭാഗം വീണ്ടും ഭക്ഷിക്കാനെത്തിയ കടുവയുടെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞതായാണ് സൂചന.
രണ്ട് പശുക്കളെ നഷ്ടമായതോടെ അയ്യാദുരൈക്കുണ്ടായിട്ടുള്ളത് വലിയ നഷ്ടമാണ്. ഉപജീവനമാര്‍ഗ്ഗങ്ങളിലൊന്നായ കന്നുകാലികള്‍ വന്യജീവിയാക്രമണത്തില്‍ നഷ്ടമാകുമ്പോള്‍ തൊഴിലാളികളുടെ മുമ്പോട്ടുള്ള ജീവിതവും വഴിമുട്ടുകയാണെന്ന പരാതി വ്യാപകമാണ്. വനം വകുപ്പ് കടുവയെ പിടികൂടാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് തൊഴിലാളികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രദേശത്ത് ആരും ഒറ്റക്ക് സഞ്ചരിക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശം നല്കി. രാത്രിയില്‍ പ്രത്യേക പെട്രോളിംഗ് നടത്താനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കഴിഞ്ഞ ദിവസമാണ് വയനാട് പനവല്ലിയിൽ പശുക്കിടാവിനെ വന്യമൃഗം പിടിച്ചത്. നാട്ടുകാരനായ സന്തോഷിന്റെ വീട്ടിലെ തൊഴുത്തിൽ കയറിയാണ് കിടാവിനെ കൊന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam