കാട്ടുപന്നിയുടെ ആക്രമണത്തിൽ ഭയന്ന് പാലമേൽ ഗ്രാമം; ബൈക്ക് യാത്രക്കാരായ രണ്ടു പേർക്ക് പരിക്ക്

By Web TeamFirst Published Sep 16, 2020, 10:41 AM IST
Highlights

കഴിഞ്ഞ രണ്ടു മാസമായി മറ്റപ്പള്ളി, ഉളവുക്കാട്, കാവുംമ്പാട്, മുതുകാട്ടുകര, കുടശ്ശനാട്, മാമൂട് മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം മൂലം ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 

ചാരുംമൂട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഭയന്ന് ആലപ്പുഴ ചാരംമൂടിലെ പാലമേൽ ഗ്രാമം. കഴിഞ്ഞ ദിവസം പന്നിയുടെ ആക്രമണത്തില്‍ രണ്ടു പേർക്ക് പരിക്കേറ്റു. മറ്റപ്പള്ളി സുമോദ് ഭവനത്തിൽ സോമൻ(57) ,മറ്റപ്പള്ളി ഷാജി ഭവനത്തിൽ ഷാജി (56) എന്നിവർക്കാണ് പരിക്കേറ്റത്.  തിങ്കളാഴ്ച രാത്രി പത്തിന് പന്തളം ചന്തയിൽ വെറ്റില വിൽക്കാൻ പോയി ബൈക്കിൽ തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. 

മറ്റപ്പള്ളികുളത്തും തറ ജങ്ഷനിൽ വെച്ച് ഇവർക്കു നേരെ അപ്രതീക്ഷമായി കാട്ടുപന്നി കൂട്ടം  ആക്രമിക്കുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് വീണ ഇവരെ പന്നിക്കൂട്ടം ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ പന്തളത്തുള്ള സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശമാണിവിടം.

കഴിഞ്ഞ രണ്ടു മാസമായി മറ്റപ്പള്ളി, ഉളവുക്കാട്, കാവുംമ്പാട്, മുതുകാട്ടുകര, കുടശ്ശനാട്, മാമൂട് മേഖലകളിൽ കാട്ടുപന്നിയുടെ ശല്യം മൂലം ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. പന്നി ശല്യം മൂലം സന്ധ്യ കഴിഞ്ഞാൽ വീടുവിട്ടു പുറത്തേക്കു പോകാൻ നാട്ടുകാർക്ക് ഭയമാണ്. കാട്കയറി കിടക്കുന്ന മറ്റപ്പള്ളി തണ്ടർബോൾട്ട് ആ സ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശമാണ്  കാട്ടുപന്നികളുടെ ആവാസ കേന്ദ്രം. 

മൂന്നാഴ്ച മുമ്പ് വനം വകുപ്പും, പഞ്ചായത്തും, കൃഷി ഭവനും കർഷകരും, നാട്ടുകാരും ചേർന്ന് കാട്ടുപന്നികളെ തുരത്താനുള്ള നടപടികൾ സ്വീകരിക്കാൻ യോഗം ചേർന്നിരുന്നെങ്കിലും നടപടിയുണ്ടായില്ല. രണ്ടാഴ്ച മുമ്പ് രണ്ടു കാട്ടുപന്നികളെ വനം വകുപ്പ് ജീവനക്കാരെത്തി പിടികൂടിയെങ്കിലും  അവ രക്ഷപ്പെട്ടിരുന്നു. 

കാട്ടുപന്നികൂട്ടത്തെ അമർച്ച ചെയ്യുവാൻ വേണ്ട നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും  ഉണ്ടാകാത്തതിൽ കർഷകരുടെ പ്രതിഷേധമുയർന്നിരുന്നു. കാട്ടുപന്നിയുടെ ശല്യം കാരണം ഇടവേള കൃഷികൾ കർഷകർ പാടെ ഉപേക്ഷിച്ച നിലയിലാണ്. കാട്ടുപന്നികളുടെ കാര്യത്തിൽ ഒരു തീരുമാനമായതിനു ശേഷമേ ഇനി കൃഷിയിറക്കൂ എന്നാണ് കര്‍ഷകരുടെ തീരുമാനം.

click me!