
ഇടുക്കി: ഇടമലക്കുടിയിലെ വിദ്യാര്‍ഥികള്‍ക്ക് പഠന സഹായവുമായി മില്‍മ എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി ടിവിയും മറ്റ് ഉപകരണങ്ങളും എത്തിച്ചുനല്‍കി. മൂന്നാറില്‍ നടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ആദിവാസി സമൂഹത്തിലെ പുതിയ തലമുറയെ അറിവിന്റെ ലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മില്‍മ എറണാകുളം മേഖല സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ ഇടമലക്കുടിയിലെ മുഴുവന്‍ കുടികളിലും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നതിനായി ടിവിയും മറ്റ് അനുബന്ധ ഉപകരണങ്ങളും എത്തിച്ചുനൽകിയത്. ക്ഷീരമേഖലയിൽ 228 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്കായി കണ്ടെത്തിയ പണത്തിൽ നിന്നും അഞ്ച് ലക്ഷം രൂപ മുതല്‍മുടക്കിയാണ് പഠന സൗകര്യം ഒരുക്കുന്നത്.
മൂന്നാർ മർത്തോമ ഹാളിൽ വെച്ചുനടന്ന പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഇടമലക്കുടി നേരിൽ സന്ദർശിച്ച വേളയിൽ ആദിവാസികൾ ആവശ്യപ്പെട്ട കാര്യങ്ങൾ നടപ്പിലാക്കാൻ വീണ്ടും കുടിയിലെത്തുമെന്ന് അദേഹം ഉറപ്പുനല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്നതിനൊപ്പം ഇത്തരം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് പറഞ്ഞു.
തുടർന്ന് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ പഠനോപകരണങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ വാസുദേവൻ പിള്ളയ്ക്ക് കൈമാറി. ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ്, മുന്‍ എംഎല്‍എ എ കെ മണി, ജില്ലാ പഞ്ചായത്ത് അംഗം വി ജയകുമാർ അടക്കമുള്ള ജനപ്രതിനിധികളും പൊതു പ്രവര്‍ത്തകരും മില്‍മ ഭാരവാഹികളും പരിപാടിയില്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam