
മൂന്നാര്‍: കാട്ടാനയുടെ (Wild Elephant) തൊട്ടുമുമ്പില്‍ കുടുങ്ങിയ യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് റ്റീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് (Santhosh Antony) ഭാഗ്യം കൊണ്ട് മാത്രം ആനയുടെ മുന്നില്‍ നിന്ന് രക്ഷപെട്ടത്. ബുധനാഴ്ച രാവിലെ 6.45 ഓടെയായിരുന്നു സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു സന്തോഷ്. ബൈക്കില്‍ യാത്ര ചെയ്ത് വരുന്നതിനിടെ വീട്ടിലേക്കു പ്രവേശിക്കുന്ന പാതയുടെ ഒരു വശത്തുണ്ടായിരുന്ന ഷെഡിനു സമീപം നിന്നിരുന്ന ആന പെട്ടെന്ന ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ആനയുടെ മുമ്പിൽപെട്ട യുവാവ് പെട്ടെന്ന് വണ്ടി വെട്ടിച്ചൊഴിഞ്ഞ് പോയെങ്കിലും ആന കുറച്ചു ദൂരം പിന്തുടര്‍ന്നു. ദേഹത്തു മുഴുവന്‍ മണ്ണ് വാരിയിട്ട നിലയിലായിരുന്നു ആന. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനവാസമേഖലകളിലെ വീടുകള്‍ക്കു സമീപം കാട്ടായെത്തുന്നത് പതിവായിരിക്കുകയാണ്. ഇന്‍സ്റ്റന്റ് റ്റീ ഡിവിഷന്‍ ഫാക്ടറിയിലെ ജോലികള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ളതായത് കാരണം രാത്രി ഡ്യൂട്ടിക്കായി വീട്ടിലേക്കും ഫാക്ടറിയിലേക്കും ജീവനക്കാര്‍ ഈ വഴി യാത്ര ചെയ്യുന്നത് പതിവാണ്.
ഈ മേഖലയില്‍ ആവശ്യമായ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടില്ല. രാത്രി കാലങ്ങളില്‍ വഴിയിലെവിടെയും വെളിച്ചമില്ലാത്തതിനാൽ കാട്ടാന മറഞ്ഞു നിന്നാല്‍ കാണില്ല. ആന അടുത്തെത്തിയാല്‍ മാത്രമേ അറിയാന്‍ കഴിയൂ. വന്യമൃഗങ്ങളുടെ നിരന്തരമായ ആക്രമണങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടിയന്തരിമായി സ്വീകരിക്കണമെന്നുള്ള ആവശ്യമാണ്
നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam