തിരുനെല്ലിയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം, നുല്‍പ്പുഴയില്‍ കടുവ ആക്രമിച്ച പശു ചത്തു

Published : Jan 03, 2023, 12:08 PM IST
തിരുനെല്ലിയില്‍ കാര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം, നുല്‍പ്പുഴയില്‍ കടുവ ആക്രമിച്ച പശു ചത്തു

Synopsis

പൊടുന്നനെയാണ് ആന റോഡിലേക്ക് പാഞ്ഞെത്തി ഡ്രൈവറുടെ എതിര്‍വശത്തെ ചില്ല് തുമ്പികൈ ക്കൊണ്ട് തകര്‍ത്തു. പിന്നീട് ബോണറ്റ് കൂടി തകര്‍ത്തതിന് ശേഷം പെട്ടന്ന് തന്നെ ആന കാട് കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 


മാനന്തവാടി / സുല്‍ത്താന്‍ബത്തേരി: തിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു. തിരുനെല്ലി പൊലീസ് സ്റ്റേഷന് സമീപമുണ്ടായ സംഭവത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാര്‍ തകര്‍ത്തതിന് ശേഷം ആന സ്വയം പിന്‍മാറിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്‍റെ കാറാണ് തകര്‍ന്നത്. ശ്രീരാജിന്‍റെ സഹോദരന്‍ ലതീഷായിരുന്നു വാഹനമോടിച്ചിരുന്നത്. 

തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ മണിയോടെയായിരുന്നു സംഭവം. ഡ്രൈവിങ്ങിനിടെ ശാന്തനായി റോഡരികില്‍ നില്‍ക്കുന്ന ആനയെ യാത്രക്കാര്‍ കണ്ടിരുന്നു. എന്നാല്‍, പൊടുന്നനെയാണ് ആന റോഡിലേക്ക് പാഞ്ഞെത്തി ഡ്രൈവറുടെ എതിര്‍വശത്തെ ചില്ല് തുമ്പികൈ ക്കൊണ്ട് തകര്‍ക്കുകയായിരുന്നു. പിന്നീട് ബോണറ്റ് കൂടി തകര്‍ത്തതിന് ശേഷം പെട്ടന്ന് തന്നെ ആന കാട് കയറിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആനയെ കണ്ടയുടനെ കാര്‍ വേഗത്തില്‍ പിന്നോട്ട് എടുക്കാന്‍ ലതീഷ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ മിന്നല്‍വേഗത്തിലായിരുന്നു ആനയുടെ ആക്രമണം. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ഗ്ലാസ് അടക്കമുള്ള വാഹനത്തിന്‍റെ മുന്‍വശം തകര്‍ന്നു. 

അതിനിടെ നൂല്‍പ്പുഴ പഞ്ചായത്തിലെ വള്ളുവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശു ചത്തു. നൂല്‍പ്പുഴ മാടക്കുണ്ട് പണിയ കോളനിയ്ക്ക് സമീപത്തെ കരവെട്ടാറ്റിന്‍കര പൗലോസിന്‍റെ ഗര്‍ഭിണിയായ പശുവാണ് ഇന്ന് രാവിലെ ചത്തത്. കടുവയുടെ നഖവും പല്ലുകളും ആഴ്ന്നിറങ്ങി പശുവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നനാളത്തിലടക്കം മുറിവുള്ളതിനാല്‍ വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. രാത്രി തീര്‍ത്തും അവശയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വീടിന് സമീപത്തെ പറമ്പില്‍ മേയുന്നതിനിടെയായിരുന്നു കടുവയുടെ ആക്രമണം. 

പശുവിന്‍റെ കരച്ചില്‍ കേട്ടെത്തിയ മാടക്കുണ്ട് കോളനിവാസികളില്‍ ചിലരാണ് കടുവയെ ആദ്യം കണ്ടത്. ആളുകള്‍ ബഹളം വെച്ചതോടെ കടുവ പശുവിനെ ഉപേക്ഷിച്ച് സമീപത്തെ വനത്തിലേക്ക് ഓടി മറയുകയായിരുന്നു . പതിനഞ്ച് ദിവസം മുമ്പും പൗലോസിന്‍റെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. വനത്തിനുള്ളില്‍ മേയുന്നിതിനിടെയായിരുന്നു അന്ന് കടുവയെത്തിയത്. മുമ്പ് പ്രദേശത്ത് എത്തിയ കടുവയല്ല തിങ്കളാഴ്ച എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നു. ഇന്നലെത്തെ സംഭവത്തോടെ വനംവകുപ്പ് പ്രദേശത്ത് ക്യാമറകള്‍ സ്ഥാപിച്ചു. സ്ഥിരമായി കടുവ ഈ മേഖലയിലെത്തിയാല്‍ കൂടുവെച്ച് പിടികൂടാനാണ് തീരുമാനം. ഇത് സംബന്ധിച്ച യോഗം ഇന്നലെ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഷംസാദ് മരക്കാറിന്‍റെ അധ്യക്ഷതയില്‍ വള്ളുവാടിയില്‍ ചേര്‍ന്നു. നഷ്ടപരിഹാരം അടക്കം ലഭ്യമാക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലസ് വൺ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, പ്രതിഷേധം പുകയുന്നു, മാർച്ചുമായി എസ്എഫ്ഐ
ട്രെയിൻ നമ്പർ 16329, നാഗര്‍കോവില്‍- മംഗളൂരു അമൃത് ഭാരത് എക്സ്‍പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു