
തിരുവനന്തപുരം: പുളിയറക്കോണം കർമ്മ ബ്യൂട്ടിപാർലറിൽ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പിൽ ശാല പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തിൽ മനീഷ് (24), പൂവച്ചൽ പുളിങ്കോട് കിഴക്കേകര പുത്തൻവീട്ടിൽ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. മനീഷ് ആർ എസ് എസ് പ്രവർത്തകനാണ്. പുളിയറക്കോണം ബ്യൂട്ടിപാർലർ നടത്തുന്ന സച്ചു എന്നു വിളിക്കുന്ന കിരൺ ലാൽ ആണ് അക്രമത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് പ്രതികളായ മനീഷും, രാജീവും പുളിയറക്കോണം ബ്യൂട്ടിപാർലറിൽ അതിക്രമിച്ച് കയറുകയും ഒന്നാം പ്രതിയായ മനീഷ് വെട്ടുകത്തി കൊണ്ട് കടയുടമയായ കിരൺലാലിന്‍റെ കഴുത്തിന് വെട്ടുകയുമായിരുന്നു. കിരൺ ലാൽ ഒഴിഞ്ഞ് മാറിയത് കൊണ്ട് വെട്ട് ഷോൾഡറിൽ കൊണ്ട് മുറിഞ്ഞു. ഈ സമയം രണ്ടാം പ്രതിയായ രാജീവ് കിരൺ ലാലിനെ മർദിച്ചു. ഗുരുതരമായി പരിക്കേറ്റ കിരൺ ലാൽ ആശുപത്രി ചികിത്സയിലാണ്. കിരൺ ലാലും സുഹൃത്തുക്കളും മനീഷുമായി തിരുമല ബാറിൽ വച്ച് സംഘർഷം നടന്നിരുന്നു. ഇതിന്‍റെ പ്രതികാരമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
അതിനിടെ മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് കടയ്ക്കാവൂരില്‍ പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ പൊലീസ് പിടികൂടി. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. മദ്യപിക്കാന്‍ പണം നല്‍കാത്തതിനുള്ള വിരോധത്തില്‍ ഇയാള്‍ ഇടിക്കട്ട കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. സാരമായി പരിക്കേറ്റ സുനില്‍ കുമാറിനെ നാട്ടുകാര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് ശേഷം പ്രതിയായ ചപ്ര കുമാര്‍ ആയുധം കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തി വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.
കൂടുതല്‍ വായനയ്ക്ക്: 9 ക്രിമിനൽ കേസിലെ പ്രതി, 15 വകുപ്പുതല നടപടി; സിഐ പി ആർ സുനു ഇന്ന് ഡിജിപിക്ക് മുന്നില്‍ ഹാജരാകും