
ഇടുക്കി:കാടിറങ്ങിയ ഒറ്റയാന്‍ പെരിയവാരയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തല്ലിതകര്‍ത്തു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പെരിയവാര എസ്റ്റേറ്റില്‍ ഒറ്റയാന്‍ ഇറങ്ങിയത്. ഫാക്ടറി ഡിവിഷനിലെ എസ്റ്റേറ്റ് ലയങ്ങള്‍ക്കു സമീപം നിലയുറപ്പിച്ച കാട്ടാന നാലു വാഹനങ്ങള്‍ നശിപ്പിച്ചു. കാര്‍, ഓട്ടോ, 2 ബൈക്കുകള്‍ എന്നിവയാണ് തകര്‍ത്തത്. തൊഴിലാളികളെ മണിക്കുറുകളോളം മുള്‍മുനയില്‍ നിര്‍ത്തിയായിരുന്നു ഒറ്റയാന്‍റെ വിളയാട്ടം.
പെരിയവര സ്വദേശിയായ സെന്തിലിന്റെ വീടിന്റെ മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറും ഓട്ടായുമാണ് ആദ്യം തകര്‍ത്തത്. തുമ്പിക്കൈ കൊണ്ട് ഓട്ടോ തള്ളിനീക്കുന്നതിനിടയില്‍ ഓട്ടോ സ്റ്റാര്‍ട്ടായതോടെ പരിഭ്രാന്തനായ കാട്ടാന തുമ്പിക്കൈയ്യും കാലും ഉപയോഗിച്ച് ഓട്ടോയെ തള്ളിനീക്കി പുഴയോരത്തെ ചതുപ്പ് നിലത്തിലേയ്ക്ക് എടുത്തെറിഞ്ഞു. തുടര്‍ന്ന് കാറിനു മുകളില്‍ തുമ്പിക്കൈ കൊണ്ട് അമര്‍ത്തുകയും ചെയ്തു. തൊട്ടരികിലത്തെ ലയത്തിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വിഷ്ണു, പഴനിസാമി എന്നിവരുടെ ബൈക്കുകളും തകര്‍ത്തു.
പ്രദേശവാസികള്‍ വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും രാത്രി 10 മണിയോടെ ആനയെ കാട്ടിലേയ്ക്ക് കയറ്റിവിടുകയുമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെരിയവര റോഡിലും കന്നിമലയിലും പ്രത്യക്ഷപ്പെടുന്ന കാട്ടാന ജനങ്ങളില്‍ വ്യാപക ഭീതി വിതയ്ക്കുകയാണ്.
മുമ്പ് ശാന്തസ്വഭാവത്തില്‍ വീടികള്‍ മുമ്പിലൂടെ നടന്നു നീങ്ങിയിരുന്ന കാട്ടാനകള്‍ പ്രകോപിതരാകുന്നത് ഭയമുളവാക്കുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടാനയെ കാണുമ്പോള്‍ നാട്ടുകാര്‍ ഉറക്കെ ബഹളമുണ്ടാക്കുന്നതും ശക്തിയേറിയ പ്രകാശമുള്ള ടോര്‍ച്ച് ലൈറ്റുകള്‍ കാട്ടാനയുടെ കണ്ണിലേയ്ക്കടിക്കുന്നതിനും കാട്ടാനകള്‍ പ്രകോപിതരാകുന്നതിന് കാരണമാകുന്നുണ്ടെന്നാണ് നിരീക്ഷണം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam