മുള്ളരിങ്ങാടുകാർ കാട്ടാന ഭീതിയിൽ, നടപടിയെടുക്കാതെ വനം വകുപ്പ്, ഫെന്‍സിങ് നിർമ്മാണവും ഇഴഞ്ഞുനീങ്ങുന്നു

Published : Jan 31, 2025, 11:40 AM ISTUpdated : Jan 31, 2025, 11:41 AM IST
മുള്ളരിങ്ങാടുകാർ കാട്ടാന ഭീതിയിൽ, നടപടിയെടുക്കാതെ വനം വകുപ്പ്, ഫെന്‍സിങ് നിർമ്മാണവും ഇഴഞ്ഞുനീങ്ങുന്നു

Synopsis

4 കിലോമീറ്റര്‍ ദൂരം മാത്രമാണ് ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കി ഭാഗത്തു കൂടെ ആനകള്‍ക്ക് ജനവാസ മേഖലകളിലേയ്ക്ക് കടക്കാന്‍ കഴിയും. വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമായതും മലയോര മേഖലകളില്‍ കാട്ടുതീയിടുന്നതും ആനകള്‍ ജനവാസ മേഖലകളിലേയ്ക്കു കടക്കാന്‍  കാരണമാകുന്നുണ്ട്

ഇടുക്കി: മുള്ളരിങ്ങാടിനെ ഭീതിയിലാഴ്ത്തി വീണ്ടും ജനവാസ മേഖലയ്ക്കു സമീപം കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ഇവിടെ കൃഷിയിടത്തിലിങ്ങിയ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചിരുന്നു. മുള്ളരിങ്ങാട് - തലക്കോട് റോഡരികില്‍ പനംകുഴിതോടിനു സമീപമാണ്  വനാതിര്‍ത്തി വേര്‍തിരിക്കുന്ന ഫെന്‍സിംഗിനു സമീപം കാട്ടാനകള്‍ ഇപ്പോള്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഏതു സമയവും ഇതു കടന്ന് ആനകള്‍ എത്തുമെന്നാണ് ജനങ്ങളുടെ ഭയം. അതിനാല്‍ വാഹന യാത്രക്കാര്‍ പോലും ഇതു വഴി കടന്നു പോകാന്‍ ഭയപ്പെടുകയാണ്. നേരത്തെ ഈ റൂട്ടില്‍ ഇരുചക്ര വാഹനത്തിനു  നേരെ കാട്ടാന പാഞ്ഞടുത്തതിനെ തുടര്‍ന്ന് യാത്രക്കാരന് വീണു പരുക്കേറ്റിരുന്നു. ഏതാനും ദിവസം മുമ്പ് കാട്ടാന ആക്രമണത്തില്‍ അമല്‍ ഇബ്രാഹിം എന്ന യുവാവ് കൊല്ലപ്പെട്ട അമയല്‍ത്തൊട്ടിയ്ക്കു സമീപമാണ് വീണ്ടും കാട്ടാനകള്‍ എത്തിയത്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ മ്ലാവടി  കീഴ്മുറി തോമസിന്റെ കൃഷിയിടത്തിലാണ് കാട്ടാന നാശം വിതച്ചത്. രാവിലെ മുതല്‍ തന്നെ  മ്ലാവടി ഭാഗത്ത് ആനകള്‍ തമ്പടിച്ചിട്ടുണ്ടായിരുന്നു. ഇവിടെ  നിന്നാണ് കാട്ടാന  ഫെന്‍സിംഗ് ഇല്ലാത്ത  ഭാഗം വഴി ജനവാസ മേഖലയിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. ഇതിനിടെ ആനയെ പ്രദേശത്തു നിന്നും തുരത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസി മുള്ളരിങ്ങാട് വനംവകുപ്പ് ഓഫീസിനു മുന്നില്‍ കിടന്ന് പ്രതിഷേധ സമരം നടത്തി. വാട്ടപ്പള്ളില്‍ ഡെന്നിയാണ് വീടിനു സമീപത്തു നിന്നും ആനയെ തുരത്തണമെന്ന ആവശ്യവുമായി സമരം നടത്തിയത്. ഫെന്‍സിംഗിന് അപ്പുറമാണ് ആനകള്‍ തമ്പടിച്ചിരിക്കുന്നതെങ്കിലും ഇവ ജനവാസ മേഖലയിലേക്ക് കടന്നു വരാനുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. 

രാത്രി കാലങ്ങളില്‍ നാട്ടുകാര്‍ തീ കൂട്ടിയും പടക്കംപൊട്ടിച്ചുമാണ് ഇപ്പോള്‍ ആനകളെ പ്രദേശത്തു നിന്നും അകറ്റുന്നത്. വനംവകുപ്പ് വാച്ചര്‍മാരും ആര്‍.ആര്‍.ടി സംഘവും പ്രദേശത്ത് നിരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ തത്കാലം പ്രദേശത്തു നിന്നും  മാറുന്ന ആനകള്‍ വീണ്ടും ഇവിടേയ്ക്കു തന്നെ തിരികെ വരുന്ന സ്ഥിതിയാണ്. വീടുകള്‍ക്ക് സമീപം വരെയാണ് ആനകളെത്തി നില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ആനകളെ ഉള്‍ക്കാട്ടിലേയ്ക്ക് തുരത്തുന്ന കാര്യത്തില്‍ വനംവകുപ്പ് കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ  ആരോപണം.

9 മാസം മുൻപ് വിവാഹം, വഴക്കിന് പിന്നാലെ മാറി താമസിച്ചു, യുവതിയുടെ വീടും വാഹനങ്ങളും കത്തിച്ച് ഭർത്താവ്

ജനവാസ മേഖലയും വനവും വേര്‍തിരിക്കുന്ന മേഖലയില്‍ പൂര്‍ണമായും ഫെന്‍സിംഗ് സ്ഥാപിച്ചിട്ടില്ല. നിലവില്‍ സ്ഥാപിച്ചിരിക്കുന്ന വേലിയും ഫലവത്തല്ലെന്ന ആക്ഷേപവും ഉണ്ട്. ചുള്ളിക്കണ്ടം മുതല്‍ കൊക്കിപ്പാറ വരെയുള്ള ഒന്‍പതു കിലോമീറ്റര്‍ ദൂരത്താണ് ഫെന്‍സിംഗ് വേണ്ടത്. എന്നാല്‍ നാലു കിലോമീറ്റര്‍ ദൂരം മാത്രമാണ് ഫെന്‍സിംഗ് സ്ഥാപിച്ചിരിക്കുന്നത്. ബാക്കി ഭാഗത്തു കൂടെ ആനകള്‍ക്ക് ജനവാസ മേഖലകളിലേയ്ക്ക് കടക്കാന്‍ കഴിയും. വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമായതും മലയോര മേഖലകളില്‍ കാട്ടുതീയിടുന്നതും ആനകള്‍ ജനവാസ മേഖലകളിലേയ്ക്കു കടക്കാന്‍  കാരണമായി പറയുന്നുണ്ട്. മുള്ളരിങ്ങാട്ടെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫെന്‍സിംഗ് നിര്‍മാണത്തിനായി പി.ജെ ജോസഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും ഡീന്‍ കുര്യാക്കോസ് എം.പി  എട്ടു ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ ഫണ്ട് അനുവദിച്ചെങ്കിലും ഇതിനായി എസ്റ്റിമേറ്റ് തയാറാക്കുക മാത്രമാണ് ചെയ്തത്. വനംവകുപ്പ് തയാറാക്കിയ എസ്റ്റുമേറ്റു പ്രകാരം ഫെന്‍സിംഗ് നിര്‍മാണത്തിന് ചെലവു കൂടുമെന്നതിനാലാണ് ഇപ്പോള്‍ നടപടികള്‍ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രി തുടങ്ങി ഇന്ന് പുലര്‍ച്ചെ വരെ നടന്നത് 2709 വാഹനങ്ങളും 76 ലോഡ്ജുകളിലും പരിശോധന, പിടികിട്ടാപുള്ളികൾ ഉൾപ്പെടെ 167 പേര്‍ പിടിയിൽ
അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം