
കോഴിക്കോട്: കാട്ടുപന്നി ശല്യംകൊണ്ട് പൊറുതിമുട്ടിയ കോടഞ്ചേരി മേഖലയിലെ കർഷകർക്ക് ആശ്വാസവുമായി തെലങ്കാനയിൽനിന്ന് ഷൂട്ടർമാരുടെ സംഘമെത്തി. കഴിഞ്ഞ 3 ദിവസമായി കൃഷികൾ നശിപ്പിച്ചുകൊണ്ടിരുന്ന 10 കാട്ടുപന്നികളെ കൊന്നൊടുക്കുവാൻ ഇവർക്ക് സാധിച്ചു. നവാബ് ഷഫാക് അലിഖാൻ, പെർവാർ സന്താജി, അസ്കർ അലിഖാൻ എന്നിവരാണ് ശനിയാഴ്ച വൈകീട്ട് കോടഞ്ചേരിയിൽ എത്തിയത്. അന്ന് രാത്രിതന്നെ സംഘം ദൗത്യം ആരംഭിച്ചു. ആദ്യ ദിവസം 4 കാട്ടു പന്നികളെയാണ് വെടിവച്ചു കൊന്നത്.
ജനകീയപങ്കാളിത്തത്തോടെയാണ് കാട്ടുപന്നിശല്യത്തിന് അറുതിവരുത്താൻ കോടഞ്ചേരി പഞ്ചായത്തിന്‍റെ ശ്രമം. തെലങ്കാനയിലെ എൻ ജി ഒ യുമായി സഹകരിച്ചാണ് ഇവരെയെത്തിച്ചത്. കൊന്നൊടുക്കിയ പന്നികളെ കുഴിയെടുത്ത് ശാസ്ത്രീയമായി സംസ്കരിച്ചു.
സ്ഥിരം ശല്യമായി: കരുവാരക്കുണ്ടില്‍ എട്ട് കാട്ടുപന്നികളെ വെടിവച്ചു കൊന്നു
അതേസമയം മലപ്പുറം കരുവാരക്കുണ്ടിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത സ്ഥിരം ശല്യമായതോടെ കരുവാരക്കുണ്ട് പഞ്ചായത്തിൽ എട്ട് കാട്ടുപന്നികളെ കൊന്നൊടുക്കി എന്നതാണ്. കർഷകരുടെ അഭ്യർത്ഥന മാനിച്ച് ഗ്രാമപ്പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും അനുമതിയോടെ പ്രത്യേക സംഘമെത്തിയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. കഴിഞ്ഞ ദിവസം പയ്യാക്കോട്, വാക്കോട്, കണ്ണത്ത് എന്നിവടങ്ങളിൽ നിന്നായി എട്ട് പന്നികളെയാണ് വകവരുത്തിയത്. കരുവാരക്കുണ്ട് ഉൾപ്പടെയുള്ള മേഖലകളിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കാർഷിക വിളകൾ നശിപ്പിക്കുന്നതിനൊപ്പം റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.തുടർന്ന് കർഷകരുടെ അഭ്യർഥന പ്രകാരം വനം വകുപ്പിന്‍റെ അനുമതിയുള്ള പ്രത്യേക സംഘമാണ് കരുവാരക്കുണ്ടിൽ പന്നി വേട്ട നടത്തുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച വേട്ടനായ്ക്കളും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. കാട്ടുപന്നികളെ കൃഷിയിടത്തിലെത്തി വകവരുത്തുന്നത് സംബന്ധിച്ച് ഗ്രാമപ്പഞ്ചായത്ത് അധികൃതർക്ക് ആശയകുഴപ്പമുണ്ടായത് വേട്ടയാടൽ അൽപം വൈകിപ്പിച്ചു. പിന്നീട് കർഷകരുടെ ആവശ്യം പരിഗണിച്ച് പന്നികളെ വെടിവെച്ചിടാൻ അനുമതി നൽകുകയായിരുന്നു. വെടിവെച്ച് കൊന്ന കാട്ടുപന്നികളെ കണ്ണത്തെ മണിമല മാനുവൽ കുട്ടിയുടെ ഭൂമിയിൽ സംസ്‌കരിച്ചു. വരും ദിവസങ്ങളിലും ഇത്തരം നടപടികൾ തുടരുമെന്നും, ഗ്രാമപ്പഞ്ചായത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam