
മൂന്നാർ: പ്രധാന കവാടത്തിന് മുന്നില്‍ പടയപ്പ നിലയുറപ്പിച്ചതിനെത്തുടർന്ന് മൂന്നാറിൽ ശുചീകരണത്തൊഴിലാളികൾ പ്ലാന്റിനുളളിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുടുങ്ങി. ഒരു മണിക്കൂറോളം സമയം പ്ലാന്‍റില്‍ കുടുങ്ങിയ തൊഴിലാളികള്‍ കാട്ടാന വഴിയില്‍ നിന്ന് മാറാതിരുന്നതിനെത്തുടർന്ന് മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലിനാണു സംഭവം.
മാലിന്യസംസ്കരണ പ്ലാന്റിലെ ജോലി കഴിഞ്ഞ് മടങ്ങാനിറങ്ങിയ 30 തൊഴിലാളികളെയാണ് പടയപ്പ ത്രിശങ്കുവിലാക്കിയത്. പ്ലാന്റിനുള്ളിൽ കയറാനെത്തിയ പടയപ്പ, പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പു ഗേറ്റ് കടക്കാനാകാതെ പുറത്തു നിന്നതോടെയാണ് പ്രശ്നമായത്. കാട്ടാന മാറാതെ വന്നതോടെ തൊഴിലാളികൾ പ്ലാന്റിനു പിന്നിലൂടെ നടന്ന് തേയിലത്തോട്ടത്തിലെത്തി വാഹനത്തിൽ കയറിയാണ് വീടുകളിലേക്കു പോയത്. പച്ചക്കറി അവശിഷ്ടങ്ങൾ തിന്നാൻ പടയപ്പ വൈകുന്നേരങ്ങളിൽ പ്ലാന്റിലെത്തുന്നത് ഒരു മാസമായി പതിവാണ്.
തിന്നാനായി പ്ലാന്റിനു പുറത്ത് പഞ്ചായത്ത് അധികൃതർ പച്ചക്കറികൾ ഇടുന്നുണ്ടെങ്കിലും ഗേറ്റ് തകർത്ത് അകത്തു കയറുന്നത് പടയപ്പ പതിവാക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രവേശന കവാടത്തിൽ പഞ്ചായത്ത് അധികൃതർ കഴിഞ്ഞ ദിവസം കൂറ്റൻ ഗേറ്റ് സ്ഥാപിച്ചത്. മൂന്നാറിലെ എസ്റ്റേറ്റുകളിലെ സ്ഥിരം സന്ദര്‍ശകനാണ് പടയപ്പ എന്ന് വിളിപ്പേരുള്ള കാട്ടാന. വഴിയോരങ്ങളില് നിര്‍ത്തിയട്ട വാഹനങ്ങളും തൊഴിലാളികളുടെ അടുക്കള തോട്ടങ്ങളും വഴിയരികിലെ പെട്ടിക്കടകളും പടയപ്പ നശിപ്പിക്കുന്നത് മൂന്നാറില്‍ സാധാരണമാണ്.
ഒരൊന്നൊന്നര കൊമ്പ്! കാറുകൾക്ക് മുന്നിൽ പടയപ്പ, ഭയപ്പെടുത്തും ദൃശ്യങ്ങൾ
രജനീകാന്ത് നായകനായ പടയപ്പ എന്ന സിനിമ ഇറങ്ങിയ സമയത്താണ് ആദ്യമായി ഈ കൊമ്പന്‍ കാടിറങ്ങി വരുന്നത്. അന്ന് കുട്ടിയാനയായിരുന്നു. പടയപ്പസിനിമയിലെ പാട്ടുകള്‍ക്കനുസരിച്ച് കുട്ടിയാന തലയാട്ടിത്തുടങ്ങിയതോടെയാണ് കാട്ടുകൊമ്പന് പടയപ്പയെന്ന് പേര് വീണത്.
ആനവണ്ടിയോട് കലി: മൂന്നാറിൽ കെഎസ്ആർടിസി ബസിൻ്റെ ചില്ല് തകർത്ത് കാട്ടുകൊമ്പൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam