
സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിലെ നെല്ലക്കോട്ട ടൗണില്‍ സ്ഥിരം ശല്യക്കാരന്‍ ആയിരിക്കുകയാണ് സമീപത്തെ വനത്തില്‍ നിന്ന് എത്തുന്ന കൊമ്പന്‍. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ ടൗണിലേക്ക് കയറി വന്ന ആന ഏറെനേരം പരിഭ്രാന്തി പരത്തിയാണ് തിരിച്ചിറങ്ങി പോയത്. നാശനഷ്ടങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ടൗൺ നിവാസികളുടെ ജാഗ്രത കൊണ്ടുമാത്രമാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാകുന്നത്.
പലപ്പോഴും തലനാരിഴക്കാണ് വാഹനയാത്രികരും നാട്ടുകാരും ആനയുടെ മുമ്പിലകപ്പെടാതെ പോകുന്നത്. അതിരാവിലെ ജോലിക്ക് പോകുന്നവര്‍ക്കും ദൂരെ സ്ഥലങ്ങളിലുള്ള പഠന കേന്ദ്രങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്കുമൊക്കെ കാട്ടു കൊമ്പന്‍ പേടിസ്വപ്നമായിരിക്കുകയാണ്. ഇന്നത്തേത് അടക്കം രണ്ടു മാസത്തിനിടെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നാലിലധികം തവണ ആന ടൗണില്‍ എത്തി പരിഭ്രാന്തി പരത്തിയതായി പറയുന്നു. സ്ഥിരം വരുന്ന ആനയായതിനാല്‍ ഇവിടെയുള്ളവര്‍ക്ക് സുപരിചിതനാണ്. പ്രകോപനമുണ്ടാക്കാതിരിക്കാന്‍ നാട്ടുകാരും ശ്രദ്ധിക്കുന്നതും അപകടമുണ്ടാകാതിരിക്കാൻ കാരണമാണ്.
വെള്ളിയാഴ്ച അതിരാവിലെ സ്ഥിരം വരുന്ന വഴിയിലൂടെ തന്നെയാണ് കൊമ്പന്‍ ടൗണിലേക്ക് കയറി വന്നത്. റാക്കോട് റോഡിലൂടെ വന്ന് ടൗണില്‍ ഉലാത്തിയതിന് ശേഷം ഗൂഡല്ലൂര്‍-ബത്തേരി റോഡിലേക്ക് പ്രവേശിച്ച് വന്ന വഴി തന്നെ വനപ്രദേശത്തേക്ക് സ്വയം ഇറങ്ങി പോകുകയായിരുന്നു. ഇതിനിടെ വാഹനങ്ങളെയെല്ലാം പലയിടത്തായി നാട്ടുകാര്‍ നിയന്ത്രിച്ചിരുന്നു. പ്രദേശത്താകെയും ആന വന്നതുമുതല്‍ ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് രാത്രി എട്ടുമണിക്ക് എത്തിയ കൊമ്പന്‍ ടൗണിലാകെ ചുറ്റിയടിച്ചതിന് ശേഷം പലയിടങ്ങളിലായി ഏറെ നേരം നിലയുറപ്പിച്ചത് വാഹന ഗതാഗതത്തെ ബാധിച്ചിരുന്നു. വനപാലകരെത്തിയാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...